crematorium
കൂവപ്പടി പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുറിച്ചിലക്കോട് മയൂരപുരത്ത് നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിയ്ക്കുന്ന ഗ്യാസ് ക്രിമറ്റോറിയം

ഗ്യാസ് ക്രിമറ്റോറിയം മയൂരപുരത്ത്

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ഗ്യാസ് ക്രിമറ്റോറിയത്തിന്റ നിർമ്മാണപ്രവർത്തനങ്ങൾ ഒമ്പതാംവാർഡിലെ കുറിച്ചിലക്കോടിനടുത്ത് മയൂരപുരത്ത് അവസാനഘട്ടത്തിലാണ്. കുറിച്ചിലക്കോട് -അകനാട് റോഡിൽനിന്ന് 4 കിലോമീറ്റർ അകലെ ജനവാസമില്ലാത്ത പ്രദേശത്താണ് ശ്മശാനം.

ഹിന്ദു ഐക്യവേദി കൂവപ്പടി പഞ്ചായത്ത് സമിതിയാണ് ശ്മശാനമെന്ന ജനകീയാവശ്യവുമായി ആദ്യമായി മുന്നോട്ടുവന്നത്. 2016ൽ പഞ്ചായത്തിൽ ആദ്യനിവേദനം നൽകി. ഫലമുണ്ടാകാത്തതിനാൽ 2018ലും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. പലവട്ടം ചർച്ചകൾ നടന്നെങ്കിലും തുടർനടപടിയുണ്ടായില്ല. 2021ൽ ശ്മശാനത്തിനായി സ്ഥലം കണ്ടെത്തി പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും കൊവിഡ് കാലത്ത് പാതിവഴിയിൽ നിലച്ചു.

കഴിഞ്ഞ ജൂലായിൽ ഹിന്ദുഐക്യവേദി ഇതുസംബന്ധിച്ച വിവരാവകാശ രേഖ ആവശ്യപ്പെട്ടതോടെയാണ് വീണ്ടും ചർച്ചകൾ തുടങ്ങിയതെന്ന് ജനറൽ സെക്രട്ടറി ഗിരീഷ് നെടുമ്പുറത്ത് പറഞ്ഞു. ജനകീയ പ്രതിഷേധത്തെത്തുടർന്ന് ശ്മശാനനിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാനുള്ള പ്രമേയം പഞ്ചായത്ത് ഭരണസമിതി കൈക്കൊണ്ടു. റെയ്ഡ്കോയുമായാണ് കരാർ. മൂന്നു മാസത്തിനുള്ളിൽ പൊതുശ്‌മശാനത്തിന്റെ നിർമ്മാണജോലികൾ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ് പറഞ്ഞു. കെട്ടിടത്തിന്റെ പണികളിൽ കുറച്ചുമാത്രമേ ബാക്കിയുള്ളൂ. ചുറ്റുമതിലും പൂർത്തിയായി. വൈദ്യുതിയും ലഭിച്ചു. ഇനി ക്രിമറ്റോറിയത്തിന്റെ സാമഗ്രികൾ പൂർണതോതിൽ സജ്ജമാക്കി റോഡ് നിർമ്മാണവും പൂർത്തിയാക്കണം.

ശ്മശാനമില്ലാത്തതിന്റെ പ്രശ്നങ്ങൾ:

1. 20 വാർഡുകളുള്ള പഞ്ചായത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി നിലവിൽ കിലോമീറ്ററുകൾ അകലെയുള്ള പെരുമ്പാവൂർ മുനിസിപ്പൽ ശ്മശാനത്തിലേക്ക് കൊണ്ടുപോകണം.

2 ഇതിന് വലിയബുദ്ധിമുട്ടും പണച്ചെലവും വരും

മയൂരപുരത്ത് ശ്‌മശാനം വരുന്നതോടെ കൂവപ്പടി, മുടക്കുഴ, വേങ്ങൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പ്രയോജനപ്രദമാകും.