ആലുവ: നഗരത്തിലുണ്ടായ കനത്ത വെള്ളക്കെട്ടിന്റെ ഉത്തരവാദിത്വം ഏൽക്കാതെ ആലുവ നഗരസഭ അധികൃതർ. അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നഗരസഭ വിളിച്ച യോഗത്തിൽ വെള്ളക്കെട്ട് ഇല്ലാതാക്കാൻ സംസ്ഥാന - കേന്ദ്ര സർക്കാരിന്റെ വിവിധ വിഭാഗങ്ങളോട് നഗരസഭ ആവശ്യപ്പെടുകയായിരുന്നു.
നഗരസഭ സ്വന്തമായി നടത്തേണ്ട പദ്ധതികളെപ്പറ്റി കാര്യമായ ചർച്ചയുണ്ടായില്ല. കൊച്ചി മെട്രോ, പൊതുമരാമത്ത് വകുപ്പ്, റെയിൽവേ, ജല അതോറിറ്റി, ദേശീയപാത തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് വിവിധ പദ്ധതികൾ നടപ്പിലാക്കി വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നഗരസഭ നിർദ്ദേശിക്കുകയായിരുന്നു.
ചെമ്പകശേരി അമ്പലത്തിനു സമീപമുള്ള കാന പുനർനിർമാണവും എറണാകുളം റോഡിൽനിന്ന് സർവീസ് റോഡിലേക്കുള്ള റോഡിലെ കാനനിർമ്മാണവുമാണ് നഗരസഭ ഏറ്റെടുത്തിരിക്കുന്നത്.
ചെയർമാൻ എം.ഒ. ജോണിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. രാജഗോപാൽ (എൻ.എച്ച്.എ.ഐ), മുഹമ്മദ് ബഷീർ (അസി.എക്‌സി.എൻജിനിയർ, പൊതുമരാമത്ത്), ദീപ പോൾ, (അസി.എക്‌സി.എൻജിനിയർ, ജല അതോറിറ്റി), ജോ പോൾ (കെ.എം.ആർ.എൽ), വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, നഗരസഭ സെക്രട്ടറി പി.ജെ. ജെസിത, മുനിസിപ്പൽ എൻജിനിയർ ബേസിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭയുടെ ആവശ്യങ്ങൾ
* മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം അവസാനിപ്പിച്ചിരിക്കുന്ന കൊച്ചി മെട്രോയുടെ കാനനവീകരണം 50മീറ്റർകൂടി ദീർഘിപ്പിക്കണം
* മാർക്കറ്റ് റോഡിന് കുറുകെയുള്ള കലുങ്ക് പൊതുമരാമത്ത് വകുപ്പ് പുനർനിർമ്മിക്കണം.
* കലുങ്കിനുള്ളിൽ കൂടിയുള്ള കുടിവെള്ള പൈപ്പുകൾ ജലഅതോറിറ്റി നീക്കം ചെയ്യുകയോ മാറ്റി സ്ഥാപിക്കുകയോ വേണം.
* പുളിഞ്ചോടിൽ ദേശീയപാതയിലെ തകർന്ന കാന ദേശീയപാത അധികൃതർ പുനർനിർമ്മിക്കണം.
* മംഗലപ്പുഴ പാലത്തിനു സമീപം കലുങ്ക് ദേശീയപാത അധികൃതർ പുനർനിർമ്മിക്കണം
* റെയിൽവേസ്റ്റേഷൻ സ്‌ക്വയറിലെ വെള്ളക്കെട്ട് റെയിൽവേ ഒഴിവാക്കണം.
* ബൈപാസിൽ കോഡർലൈനിൽ കാനയും കലുങ്കും നിർമ്മിച്ച് മഴവെള്ളം പുഴയിലേക്ക് ഒഴുക്കുന്നതിനുള്ള സാധ്യതാപഠനം പി.ഡബ്ളിയു.ഡി നടത്തണം