 
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് കോഴിക്കരി പ്രദേശത്തെ രൂക്ഷമായ വെള്ളക്കെട്ടിനെത്തുടർന്ന് 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കോണത്തുപുഴയിൽ വെള്ളം ഉയർന്നതോടെ ഇവിടെയുള്ള മിക്ക വീടുകളിലും വെള്ളം കയറി. വൈക്കം റോഡിൽ നിന്നും ഒരു കി.മീറ്റർ അകലെ ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്ത് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള പ്രദേശവാസികൾ റോഡിലേക്കെത്താനാകാതെ കുഴഞ്ഞു. തൃപ്പൂണിത്തറ, പിറവം അഗ്നിരക്ഷാസേനകൾ പ്രദേശത്തെ രക്ഷാദൗത്യത്തിന് നേതൃത്വം നല്കി. തുടർന്ന് 17 കുടുംബങ്ങളെയും പി.എം യു.പി സ്കൂളിൽ തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഉദയംപേരൂർ പൊലീസ്, ആരോഗ്യ വിഭാഗം ജീവനക്കാർ, പ്രദേശവാസികൾ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.