തൃപ്പൂണിത്തുറ: കനത്ത മഴയിൽ പുത്തൻകാവ് കാഞ്ഞിരമറ്റം ബണ്ട് റോഡിൽ ക്രമാതീതമായി വെള്ളം ഉയർന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൊലീസ് നിരോധിച്ചു. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണ് അടച്ചത്. ബസുകളടക്കം മുളന്തുരുത്തി റോഡ് വഴി തിരിച്ചുവിട്ടു.
ബണ്ട് പൊളിക്കാഞ്ഞത് വിനയായി
തുടർച്ചയായി പെയ്ത മഴയും കോണോത്തു പുഴയിൽ നിർമ്മിച്ചിരിക്കുന്ന താത്കാലിക ബണ്ട് പൊളിക്കാത്തതും ആണ് റോഡിൽ വെള്ളം ഉയരാൻ കാരണമായത്. ബണ്ടിന്റെ സമീപത്തുള്ള 22 ഓളം വീടുകൾ വെള്ളത്തിലായി. ഇഴ ജന്തുക്കളുടെ ശല്യവും പ്രദേശത്ത് കൂടുതലായി. റോഡിൽ വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. നിരവധി ബൈക്കുകൾ ഇവിടെയുള്ള കുഴികളിൽ വീണ് അപകടം ഉണ്ടായി. ഭാഗ്യം കൊണ്ടാണ് പലരും രക്ഷപെട്ടത്. ഇതോടെയാണ് പൊലീസ് ഇടപെട്ട് ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചത്.
സമയത്ത് ബണ്ട് പൊട്ടിക്കാതെയും റോഡിലെ കുഴികൾ അടക്കാതെയും അലംഭാവം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും അടിയന്തരമായി കുഴി അടച്ച് ഗതാഗതം സുഗമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.