ആലുവ: പ്രകൃതിയേയും പരിസ്ഥിതിയേയും കൂടുതൽ അറിയുന്നതിനും സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ കർമ്മപദ്ധതിയുമായി ശ്രീമൻ നാരായണൻ വൃക്ഷപരിപാലനയജ്ഞത്തിന് ഒരുങ്ങി. ആദ്യഘട്ടത്തിൽ പത്തു ഫലവൃക്ഷത്തൈകളും ഒരുആര്യവേപ്പും വീതം ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ നടുന്നതിനായി നൂറ് സ്‌കൂളുകളിൽ എത്തിക്കും.
ഓരോവർഷവും നിരീക്ഷണം നടത്തി ഏറ്റവും നന്നായി തൈകൾ പരിപാലിക്കുന്ന സ്‌കൂളിന് 15,000 രുപയുടെ ഗാന്ധിസാഹിത്യകൃതികൾ സമ്മാനമായി നൽകും. കഴിഞ്ഞ എട്ടുവർഷമായി തുടരുന്ന വൃക്ഷയജഞങ്ങളിലായി നാലുലക്ഷം വൃക്ഷത്തൈകൾ സംസ്ഥാനത്ത് ശ്രീമൻ നാരായണൻ വിതരണം ചെയ്തിട്ടുണ്ട്. സ്വന്തം ഗ്രാമത്തിൽ നേരിട്ടുചെന്ന് 10001 മാവും പ്ലാവും വച്ചുപിടിപ്പിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പുമുതൽ വൃക്ഷങ്ങൾ കായ്ഫലം തന്നുതുടങ്ങി.
ശ്രീമൻ നാരായണൻ നടപ്പിലാക്കിയ 'ജീവജലത്തിന് ഒരു മൺപാത്രം' പദ്ധതി ലോകശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രി മൻ കി ബാത്തിൽ പദ്ധതി നടപ്പിലാക്കിയതിന് ശ്രീമൻ നാരായണനെ അഭിനന്ദിച്ചിരുന്നു. ഇതുവരെ 1,60,000 മൺപാത്രങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ് മെമ്പറാണ് ശ്രീമൻ നാരായണൻ.
തൈകളുമായി വിദ്യാലയങ്ങളിലേക്ക് പോകുന്ന വാഹനം സാഹിത്യകാരൻ സേതു ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷനായി. ശശിധരൻ കല്ലേരി, വി.കെ. ഷാനവാസ്, ഡോ. സുന്ദരം വേലായുധൻ, കെ.എസ്. പ്രകാശ്, ഒ.ബി. ലീന, സിബി അഗസ്റ്റിൻ, പി.എച്ച്. സാബു, മുഹമ്മദലി,കെ.ജെ. സെബാസറ്റ്യൻ,
എച്ച്.സി. രവീന്ദ്രൻ, അമൃതപ്രീതം, ബാബുരാജ് ഹരിശ്രീ, കെ.പി. മുകുന്ദൻ, ജോതി ഗോപകുമാർ, വി.എസ്. നീലകണ്ഠൻ, രവി നായർ, സന്തോഷ് ആലുവ, പി. സജീവ്, മോഹനൻ പുന്നേലി, സജീവൻ തത്തയിൽ, എൻ.ആർ. ഹരീന്ദ്രൻ നായർ, ഇ. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.