കൊച്ചി: സഹകരണ നിയമഭേദഗതിയെ തുടർന്ന് കൊണ്ടുവന്ന വ്യവസ്ഥകൾ സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി. സഹകരണ ചട്ടങ്ങൾ അനുശാസിക്കുന്ന കരുതൽധനം സൂക്ഷിക്കാത്ത സംഘങ്ങൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാൻ സഹകരണ രജിസ്ട്രാർക്കും കോടതി നിർദ്ദേശം നൽകി.

കരുതൽധനം സൂക്ഷിക്കുന്നില്ലെന്ന് ഓഡിറ്റിൽ കണ്ടെത്തിയാൽ സ്വീകരിക്കുന്ന നടപടികളും രജിസ്ട്രാർ വിശദീകരിക്കണം.
സ്ഥിരനിക്ഷേപം മടക്കി നൽകിയില്ലെന്നാരോപിച്ച് പാലാ കിഴതടിയൂർ അടക്കം വിവിധ പ്രാഥമിക സഹകരണ ബാങ്കുകൾക്കെതിരെ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. സഹകരണ പുനരുദ്ധാരണനിധി നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.