കൊച്ചി: സപ്ലൈകോയുടെ വ്യാജ ലെറ്റർഹെഡ് ഉപയോഗിച്ച് പർച്ചേസ് ഓർഡർ ഉണ്ടാക്കിയും ജി.എസ്.ടി നമ്പർ ദുരുപയോഗം ചെയ്തും ഏഴു കോടി രൂപ തട്ടിയെടുത്ത മുൻ അസിസ്റ്റന്റ് മാനേജർ അറസ്റ്റിലായി. സപ്ലൈകോ കടവന്ത്ര ഓഫീസിൽ അസിസ്റ്റന്റ് മാനേജരായിരുന്ന സതീഷ് ചന്ദ്രനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്തത്. സപ്ലൈകോ ബ്രാൻഡഡ് പ്രോഡക്ട്സ് മാനേജർ തൃശൂർ സ്വദേശി ജെയ്സൺ ജേക്കബിന്റെ പരാതിയിലാണ് നടപടി.
വ്യാജരേഖ ചമച്ചതിനും ഐടി വകുപ്പുകൾപ്രകാരവുമാണ് കേസ്. തട്ടിപ്പിൽ സപ്ലൈകോ കടവന്ത്ര ഔട്ട്ലെറ്റിലെ മറ്റു ജീവനക്കാർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സതീഷ് ചന്ദ്രൻ വിരമിച്ചിട്ട് എട്ടു വർഷം കഴിഞ്ഞു.
2023 നവംബർ രണ്ടിനും കഴിഞ്ഞ ജനുവരി പത്തിനുമാണ് പ്രതി ഉത്തരേന്ത്യയിലെ കമ്പനികളുമായി കരാറിൽ ഏർപ്പെടാൻ സപ്ലൈകോയുടെ വ്യാജരേഖ ഉപയോഗിച്ചത്. മുംബയ് ജീവാ ലൈഫ് സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ്, എസ്.എസ് എംപയർ, രാജസ്ഥാനിലെ പട്ടോഡിയ ബ്രദേഴ്സ് എന്നീ കമ്പനികളിൽനിന്ന് ചോളം വാങ്ങാനായിരുന്നു ഇത്. സപ്ലൈകോയുടെ രണ്ട് ഔദ്യോഗിക മെയിൽ ഐഡികളും ജി.എസ്.ടി നമ്പറും ഇതിനായി ഉപയോഗിച്ചു. വ്യാജ പർച്ചേസ് ഓർഡറാണ് കൈമാറിയത്. ഇത്തരത്തിൽ വാങ്ങിയ ചോളം മറിച്ചുവിറ്റ് ഏഴുകോടി രൂപയോളം കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ.
വ്യാജരേഖ ഉപയോഗിച്ചുള്ള ഇടപാടിന്റെ ബില്ലുകൾ സപ്ലൈകോയുടെ ജി.എസ്.ടി അക്കൗണ്ടിൽ എത്തി. തുടർന്ന് സപ്ലൈകോ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.