നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് 579 തീർത്ഥാടകർ യാത്രയായി. പുലർച്ചെ മൂന്ന് മണിക്കും രാത്രി 8.30 നുമാണ് തീർത്ഥാടകരുമായി സൗദി എയർലൈൻസ് വിമാനം പറന്നുയർന്നത്. ഒരു വയസുകാരനും ഇന്നലെ ഹജ്ജിന് പുറപ്പെട്ടിട്ടുണ്ട്. മുവ്വാറ്റുപുഴ ഈസ്റ്റ് മാറാടി മങ്കാര ബ്രായിൽ ഷരീഫ് ഹുസൈന്റെയും ബിസ്മിയുടെയും മകൻ ജാബിറാണ് മാതാപിതാക്കളോടൊപ്പം യാത്ര തിരിച്ചിട്ടുള്ളത്.
ലക്ഷദ്വീപിൽ നിന്നുള്ള 192 തീർത്ഥാടകർ ഇന്ന് യാത്രയാകും. ഇന്ന് രാത്രി 8.30 നുള്ള വിമാനത്തിലാണ് ഇവരുടെ യാത്ര. കേരളത്തിൽ നിന്നുള്ള 97 തീർത്ഥാടകരും ഈ വിമാനത്തിലുണ്ടാകും. ലക്ഷദ്വീപ് തീർത്ഥാടകർ ഇന്നലെ ഹജ്ജ് ക്യാമ്പിലെത്തി. സിയാൽ എം.ഡി എസ്. സുഹാസും ഉദ്യോഗസ്ഥരും ഇന്നലെ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു.