പറവൂർ: ഗോതുരുത്ത് സ്വദേശിയായ പത്തു വയസുകാരിക്ക് ലണ്ടനിൽ വച്ച് തലയ്ക്കു വെടിയേറ്റു. ഗോതുരുത്ത് ആനത്താഴത്ത് അജീഷ് - വിനയ ദമ്പതികളുടെ ഏകമകൾ ലിസേൽ മരിയയ്ക്കാണ് വെടിയേറ്റത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ബുധനാഴ്ച രാത്രി 9.20ന് മാതാപിതാക്കൾക്കൊപ്പം ഹാക്നിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കവേയാണ് സംഭവം. മറ്റു മൂന്നു പേർക്കും പരിക്കേറ്റു. ആക്രമി ആരാണെന്ന് വ്യക്തമായിട്ടില്ല.
ഒരുതവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ബുള്ളറ്റ് പുറത്തെടുക്കാനായില്ല. അടുത്ത ദിവസം വീണ്ടും ശസ്ത്രക്രിയ നടത്തുമെന്ന് അജീഷിന്റെ അമ്മ മേരി പോൾ പറഞ്ഞു.
അജീഷും കുടുംബവും രണ്ടു വർഷമായി ബെർമിംഗ്‌ഹാമിലാണ്. നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലിസേൽ മരിയ. ജൂലായ് 30ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു കുടുംബം. ഐ.ടി രംഗത്താണ് അജീഷിന് ജോലി.
ഇന്നലെ രാവിലെയാണ് അജീഷിന്റെ ഗോതുരുത്തിലെ വീട്ടിൽ വിവരമറിഞ്ഞത്. മാതാപിതാക്കളും സഹോദരനും കുടുംബവുമാണ് ഇവിടെ താമസം. വിനയ പത്തനംതിട്ട സ്വദേശിയാണ്.