neela

കൊച്ചി: ചെന്നൈ ആസ്ഥാനമായ നീലകണ്ഠശിവൻ കൾച്ചറൽ അക്കാ‌ഡമിയുടെ കേരള ചാപ്റ്റർ ഇന്ന് നെടുമ്പാശേരിയിൽ പ്രവർത്തനമാരംഭിക്കും. അവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ കർണാടക സംഗീതജ്ഞൻ ഡോ.സഞ്ജയ് സുബ്രമണ്യന്റെ കച്ചേരിയോടെയാണ് ഉദ്ഘാടനം. ആദിത്യ അനിൽ വയലിനും അരുൺ ചന്ദ്രഹാസൻ മൃദംഗവും ആലുവ രാജേഷ് ഘടവും വായിക്കും. 1839ൽ നാഗർകോവിലിൽ ജനിച്ച നീലകണ്ഠശിവൻ രചിച്ച കൃതികൾ പ്രചരിപ്പിക്കുകയും യുവതലമുറയെ പഠിപ്പിക്കുകയും ചെയ്യുകയെന്നതാണ് മലയാളി സംഗീതജ്ഞൻ സി.എസ്. സജീവ് സെക്രട്ടറിയായ നീലകണ്ഠശിവൻ കൾച്ചറൽ അക്കാഡമിയുടെ പ്രധാനലക്ഷ്യം. വർഷംതോറും ചെന്നൈയിൽ മാർഗഴി സംഗീതോത്സവം അക്കാഡമി സംഘടിപ്പിക്കാറുണ്ട്. വരും വർഷങ്ങളിൽ കൊച്ചിയിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.