കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകര മണ്ഡലത്തിൽ തന്റെ പേരിൽ മതസപർദ്ധയുണ്ടാക്കുന്ന സന്ദേശം പ്രചരിച്ച സംഭവത്തിൽ അന്വേഷണവീഴ്ചയാരോപിച്ച് എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ. മുഹമ്മദ് കാസിം നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്

ഹർജി 14ന് വീണ്ടും പരിഗണിക്കും.

എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ 'കാഫിർ" പരാമർശമടങ്ങിയ വാട്‌സ്ആപ്പ് സ്‌ക്രീൻ ഷോട്ട് ഹർജിക്കാരന്റെ പേരിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് കാസിമിന്റെ വാദം.
'കണ്ണൂർ അമ്പാടിമുക്ക് സഖാക്കൾ" എന്ന ഫേസ്ബുക്ക് പേജിലാണ് സന്ദേശം ആദ്യം പോസ്റ്റ് ചെയ്തതെന്നും ഇതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. സംഭവത്തിൽ ആദ്യം പരാതി നൽകിയത് താനാണ്. എന്നാൽ തന്നെ പ്രതിയാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. 'അമ്പാടിമുക്ക് സഖാക്കൾ" ഗ്രൂപ്പിലെ അംഗങ്ങളെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ തയ്യാറായില്ല. ഇവർക്കെതിരെ യൂത്ത് ലീഗ് നൽകിയ പരാതിയിൽ എഫ്.ഐ.ആർ എടുത്തെങ്കിലും ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും കാസിമിന്റെ ഹർജിയിൽ പറയുന്നു.