കൊച്ചി: നിയമങ്ങളിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്ന ലിസമ്മ അഗസ്റ്റിൻ കോടതി നടപടികളിൽ കർക്കശ നിലപാട് സ്വീകരിക്കുമ്പോഴും എല്ലാവരോടും ആദരവോടെ പെരുമാറുകയും സൗഹൃദം പുലർത്തുകയും ചെയ്ത ജഡ്‌ജിയായിരുന്നു. നിയമത്തിന്റെ ഇഴ കീറിയുള്ള വിചാരണകളും കൃത്യവും വ്യക്തവുമായ വിധികളുമായിരുന്നു സവിശേഷത.

സ്വന്തം പരിശ്രമത്താലാണ് നിയമപരിഷ്‌കരണ കമ്മിഷൻ അംഗം വരെയുള്ള ഉന്നത പദവികളിലെത്തിയത്. മുൻസിഫായി ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ച കാലംമുതൽ അഭിഭാഷകരോടും ജീവനക്കാരോടും മികച്ച ബന്ധം പുലർത്തിയിരുന്നതായി സഹപ്രവർത്തകർ അനുസ്‌മരിക്കുന്നു. നിയമത്തിനൊപ്പം ഇതരകാര്യങ്ങളിലും പരന്ന വായനയും അറിവുമുണ്ടായിരുന്നു. നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സബ് ജഡ്‌ജി, ജില്ലാ ജഡ്‌ജി തുടങ്ങിയ പദവികളിലടക്കം ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. നിയമവകുപ്പിൽ ജോയിന്റ് സെക്രട്ടറി പദവിയിലെത്തിയതും പ്രവർത്തനമികവിനുള്ള അംഗീകാരമായിരുന്നു. ചെന്നൈയിലെ കമ്പനി ലാ ബോർഡിൽ ജുഡിഷ്യൽ അംഗമെന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്.

കഠിനാദ്ധ്വാനി: ജസ്റ്റിസ് കെ.ടി. തോമസ്

നിയമ പരിഷ്‌കരണ കമ്മിഷനംഗമെന്ന നിലയിൽ മികച്ച സേവനമാണ് ലിസമ്മ അഗസ്റ്റിൻ നൽകിയതെന്ന് കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. കമ്മിഷന്റെ തുടക്കം മുതൽ എല്ലാ സിറ്റിംഗുകളിലും പങ്കെടുത്തിരുന്നു. പരിഗണിക്കുന്ന വിഷയങ്ങൾ വിശദമായി പഠിച്ച് മുന്നൊരുക്കം നടത്തിയേ പങ്കെടുക്കൂ. കഠിനമായി അദ്ധ്വാനിക്കാൻ മടിയില്ലാത്ത സ്വഭാവമായിരുന്നു. കമ്മിഷന്റെ പ്രവർത്തനങ്ങളിൽ വലിയ സഹായമാണ് ലിസമ്മ നൽകിയ

ത്.