marangal
വെള്ളൂക്കുന്നത്തെ പ്രസ് ക്ലബ്ബ് റോഡിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ

മൂവാറ്റുപുഴ: നഗരത്തിൽ വെള്ളൂർക്കുന്നത്തെ പ്രസ്ക്ലബ് റോഡരികിലും സമീപവും നിൽക്കുന്ന മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. പടർന്നു പന്തലിച്ച് നിൽക്കുന്ന പാഴ്മരം ഏതുനിമിഷവും മറിഞ്ഞുവീഴാവുന്ന നിലയിലാണ്. മഴയും കാറ്റും ശക്തമായതോടെ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. കുരുക്കില്ലാതെ പോകാവുന്ന റോഡെന്ന നിലയിൽ നൂറുകണക്കിന് വാഹനങ്ങളാണ് എതുവഴി കടന്നുപോകുന്നത്. മൂവാറ്റുപുഴ സ്റ്റേഡിയത്തോട് ചേർന്ന സ്ഥലമായതിനാൽ ഇവിടെ വാഹനങ്ങൾ പാർക്കുചെയ്യുന്നതിന് സൗകര്യമുണ്ട്.

മഴക്കാലമായതോടെ മരത്തിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതിനാൽ മരത്തിന് ബലക്ഷയം വന്നിട്ടുണ്ട്. മഴയോടൊപ്പം വീശുന്ന കനത്തകാറ്റിൽ പാഴ്മരങ്ങൾ ആടിയുലയുന്നത് പേടിപ്പെടുത്തുന്ന കാഴ്ചയാണ്. കാലാകാലങ്ങളിൽ മരങ്ങളുടെ ശിഖരം മുറിച്ചുമാറ്റാത്തതാണ് മരം വളർന്ന് പന്തലിക്കുവാൻ കാരണമാകുന്നത്.

* മരം നിലംപൊത്തിയാലുള്ള പ്രശ്നങ്ങൾ

1 നിരവധി വാഹനങ്ങൾ ഈ മരങ്ങളുടെ താഴെയാണ് പാർക്ക് ചെയ്യുന്നത്. മരം മറിഞ്ഞാൽ വൻ ദുരന്തമുണ്ടാകാം.

2 നൂറുകണക്കിന് യാത്രക്കാരാണ് ഇതേ റോഡിലൂടെ ഇരുഭാഗത്തേക്കും സഞ്ചരിക്കുന്നത്.

3 മരത്തിന്റെ സമീപത്തുകൂടി വൈദ്യുതിലൈനും പോകുന്നുണ്ട്. കെ.എസ്.ഇ.ബി ലൈനിലേക്ക് മരം മറിഞ്ഞാൽ എന്തും സംഭവിക്കാം

* താത്കാലിക പരിഹാരം

ഈ മരങ്ങളിലെ ശിഖരങ്ങൾ മുറിച്ചുമാറ്റിയാൽ തത്കാലം അപകടഭീഷണി ഒഴിവാക്കാനാകും. പൊതുമരാമത്തുവകുപ്പോ നഗരസഭയോ മുൻകൈയെടുക്കണം.