1
ഫോർട്ട്ക്യൂൻ ബോട്ട്

സി.എസ്.ഷിജു

ഫോർട്ട്കൊച്ചി: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫോർട്ട് കൊച്ചി - വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഫോർട്ട് ക്യൂൻ ബോട്ട് ഇപ്പോഴും കട്ടപ്പുറത്ത് തന്നെ. വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് ഉപകാരപ്രദമായിരുന്ന ബോട്ട് മാസങ്ങളായി എറണാകുളം ഹൈക്കോടതി ടൂറിസ്റ്റ് ജെട്ടിയിൽ മാറ്റിക്കെട്ടിയിട്ടിരിക്കുകയാണ്. ഇത്രയും കാലമായിട്ടും ബോട്ടിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് സർവീസിന് യോഗ്യമാക്കാൻ അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല. ബോട്ടിന്റെ പല ഭാഗങ്ങളും കനത്ത മഴയിൽ ദ്രവിച്ച് നശിക്കുകയാണ്. രണ്ട് റോ-റോ ജങ്കാറുകൾ ഫോർട്ട്കൊച്ചിയിൽ നിന്നും വൈപ്പിനിലേക്കുണ്ടെങ്കിലും പലപ്പോഴും തകരാറിനെ തുടർന്ന് ഒന്ന് മാത്രമാണ് സർവീസ് നടത്തുന്നത്. ഈ സാഹചര്യത്തിൽ യാത്രാക്ലേശം ഇരട്ടിക്കുന്ന സ്ഥിതിയാണുള്ളത്. റോ-റോയിൽ വാഹനങ്ങളുടെ തിരക്ക് മൂലം സാധാരണ യാത്രക്കാർ മിക്കവാറും ബോട്ട് സർവീസാണ് തിരഞ്ഞെടുത്തിരുന്നത്. സർവീസ് മുടങ്ങിയതിനാൽ ബോട്ട് ജെട്ടി സാമൂഹ്യ വിരുദ്ധരുടെയും കഞ്ചാവ് - മദ്യ മാഫിയകളുടെയും കേന്ദ്രമായി കഴിഞ്ഞു. സാധാരണക്കാരന് കുറഞ്ഞ ചെലവിൽ മറുകര എത്താനുള്ള മാർഗമായിരുന്നു ബോട്ട് സർവീസ്. കൂടാതെ സമയ ലാഭമുള്ളതിനാലും മിക്കവരും ബോട്ടിനെയാണ് ആശ്രയിച്ചിരുന്നത്.

നിലവിലെ സാഹചര്യത്തിൽ ഫോർട്ട്കൊച്ചിയിൽ നിന്നും സ്വകാര്യ ബസിൽ എറണാകുളം ഗോശ്രീ പാലം വഴി പോകേണ്ട ഗതികേടാണ് യാത്രക്കാർക്ക്.

അടിയന്തിരമായി ഫോർട്ട് ക്യൂൻ ബോട്ട് സർവീസ് പുനരാരംഭിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം

മുജീബ് റഹ്മാൻ

സാമൂഹിക പ്രവർത്തകൻ