പെരുമ്പാവൂർ: ആലുവ - മൂന്നാർ റോഡിൽ കുറുപ്പംപടി ആശുപത്രി ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം തേടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാർ പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ രണ്ട് ദിവസത്തോളം കുറുപ്പംപടി ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ മലിനജലം കയറിയിരുന്നു. റോഡ് സൈഡിലുള്ള കാന വൃത്തിയാക്കാത്തതിനാൽ വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. കാനയിൽ പലേടത്തും കാടുംപടലും പിടിച്ചുകിടക്കുകയാണ്. വെള്ളക്കെട്ടൊഴിവാക്കാൻ അടിയന്തരമായി കാന ശുചീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.