
ആലുവ: ആലുവ പരിസ്ഥിതി സംരക്ഷണ സംഘം ഏർപ്പെടുത്തിയ 'ഭൂമിമിത്ര' പുരസ്‌കാരം ഇക്കുറി കളമശേരി എസ്.സി.എം.എസ് കോളേജ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടിന് സമ്മാനിക്കും. ജൂൺ അഞ്ചിന് ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിൽ നടക്കുന്ന ലോക പരിസ്ഥിതി ദിനാചരണ സമ്മേളനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ഡയറക്ടർ കെ. ജയകുമാർ അവാർഡ് സമ്മാനിക്കും. അൻവർ സാദത്ത് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡന്റ് ചിന്നൻ ടി. പൈനാടത്ത് അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ എം.ഒ. ജോൺ പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ പരിഷ്‌കരിച്ച ലോഗോ പ്രകാശിപ്പിക്കും.