mla
ഓണംകുളം ഊട്ടിമറ്റംറോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നഗ്നപാദനായി നടത്തിയ പ്രതിഷേധ പദയാത്രയുടെ മുൻനിര

പെരുമ്പാവൂർ: ഓണംകുളം- ഊട്ടിമറ്റംറോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നഗ്നപാദനായി കോൺഗ്രസ് അറയ്ക്കപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പദയാത്ര നടത്തി. ഈ റോഡ് നന്നാക്കിയിട്ട് മൂന്ന് പതിറ്റാണ്ടായി. പിണറായി സർക്കാർ പ്രഖ്യാപനങ്ങളും പി.ആർ വർക്കുകളുമല്ലാതെ മറ്റൊന്നും നടത്തുന്നില്ലെന്ന് പ്രതിഷേധ യാത്ര ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം പറഞ്ഞു. എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ വലിയകുളം കവലയിൽ നിന്നാരംഭിച്ച പ്രതിഷേധയാത്ര ഊട്ടിമറ്റം ജംഗ്ഷനിൽ അവസാനിച്ചു. റോഡുകളുടെ നിജസ്ഥിതി പരിശോധിച്ചു മുൻഗണനാക്രമം നിശ്ചയിക്കുന്നതിനായി വിളിച്ചുചേർത്ത പൊതുമരാമത്ത് റോഡ് അദാലത്ത് സർവകക്ഷി യോഗത്തിൽ നിന്ന് ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്നെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. അറയ്ക്കപ്പടി മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, നേതാക്കളായ സുബൈർ ഓണമ്പിള്ളി, ഒ. ദേവസി, ജോർജ് കിഴക്കമശേരി, എൻ. ഒ. ജോർജ്, ഷാജി സലിം, ജോയി പൂണേലി, ബേസിൽപോൾ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാർ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ എന്നിവർ സംസാരിച്ചു.