1
പള്ളുരുത്തി ശ്രീഭവാനീശ്വര മഹാ ക്ഷേത്രത്തിൽ നടന്ന ശിവപുരാണ യജ്ഞവേദിയിൽ വിവാഹിതരായ അനന്തകൃഷ്ണനും നിമിഷയും

പള്ളുരുത്തി: ശ്രീഭവാനീശ്വരസന്നിധിയിൽ നടക്കുന്ന ശിവപുരാണജ്ഞാനയജ്ഞത്തിന്റെ അഞ്ചാംദിനം ശിവ - പാർവതി മാംഗല്യം നടക്കുന്ന വേദിയിൽ പള്ളുരുത്തി സ്വദേശിനി നിമിഷക്ക് മാംഗല്യ സ്വപ്ന സാക്ഷാത്കാരം. ശിവപാർവതി പരിണയ ചടങ്ങിന്റെ ഭാഗമായി സമൂഹത്തിന് മാതൃകയായി ഒരു വിവാഹം മംഗളകരമായി നടത്തുകയായിരുന്നു ക്ഷേത്രഭാരവാഹികൾ. പാർവതി പരിണയ ഘോഷയാത്രയായി വധുവിനെ ക്ഷേത്രത്തിൽ നിന്നും ആനയിച്ച് വിവാഹമണ്ഡപത്തിലെത്തിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. മേൽ ശാന്തി പി.കെ മധുവിന്റെ കാർമ്മികത്വത്തിലായിരുന്നു വിവാഹ മംഗള കർമ്മം. നിർദ്ധന കുടുംബാംഗമായ പള്ളുരുത്തി ദീപം ജംഗ്ഷനിൽ ചെത്തിക്കാട്ട് വീട്ടിൽ സന്തോഷ് - ലീല ദമ്പതികളുടെ മകൾ നിമിഷയ്ക്കാണ് ഈ അപൂർവ ഭാഗ്യമുണ്ടായത്. പള്ളുരുത്തി കടേഭാഗം കുമ്പേൽ വീട്ടിൽ പ്രദീപ് -സന്ധ്യ ദമ്പതികളുടെ മകൻ അനന്തകൃഷ്ണനായിരുന്നു വരൻ. ഇന്നലെ 11നും 12നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലായിരുന്നു താലികെട്ട്. ഇതിന് സാക്ഷ്യം വഹിക്കാൻ നൂറ് കണക്കിന് ഭക്തജനങ്ങൾ നടപ്പന്തലിൽ എത്തി. വധുവിന് വേണ്ട സ്വർണവുംവസ്ത്രവും അതിഥികൾക്കുള്ള ഭക്ഷണവും ക്ഷേത്രഭാരവാഹികൾ ഒരുക്കി. ക്ഷേത്രഭാരവാഹികളായ എ.കെ. സന്തോഷ്, കെ.വി. സരസൻ, കെ.ആർ. മോഹനൻ, കൗൺസിലർ പി.ബി സുജിത്ത്, ഡോ. അരുൺ അംബു കാക്കത്തറ, ബി.അജിത്ത് കുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ആദ്യമായാണ് പള്ളുരുത്തിയിൽ ശിവപുരാണ യജ്ഞം നടക്കുന്നത്.