കൊച്ചി: ആറ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഹ്രസ്വചിത്രമായ 'മെയ്ഡ് ഇൻ" പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. രാജേഷ് പുത്തൻപുരയിൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം എൽ.കെ. ഇന്റർനാഷണൽ പ്രൊഡക്ഷൻസാണ് നിർമ്മിച്ചത്.
ആപത്തുകൾ കൃത്രിമമായി സൃഷ്ടിച്ച് ലോകത്താകെ ദുരിതം വിതച്ച് കച്ചവടത്തിന്റെ ഏകാധിപത്യസ്വഭാവമുള്ള അപകടകരമായ അവസ്ഥയിലെത്തിക്കാൻ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന്റെ ക്രൂരതകളാണ് ചിത്രത്തിന്റെ വിഷയം. യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന മുൻ പട്ടാളക്കാരന്റെ കാഴ്ചകളിലൂടെയാണ് കഥ പറയുന്നത്.
ലണ്ടൻ ആസ്ഥാനമായ ലിഫ്റ്റ് ഒഫ് പൈൻവുഡ് സ്റ്റുഡിയോസ് ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിന്റെ മൂന്ന് വിഭാഗങ്ങളിൽ പുരസ്കാരം നേടി. ഡൽഹി ആസ്ഥാനാമായ ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്രഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക സെലക്ഷനും സ്‌പെഷ്യൽ ജൂറി അവാർഡും ലഭിച്ചു.
ന്യൂയോർക്ക് ഗോഥാമൈറ്റ് അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിൽ മികച്ച ഷോർട്ട്ഫിലിമിനുള്ള പുരസ്‌കാരം, ഓസ്‌ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമായ ഇക്കോവിഷൻ ഗ്ലോബൽ ഫിലിം ഫെസ്റ്റിവെലിൽ ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡും നേടി.