കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെ ചൊല്ലി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റം. പ്രതിഷേധത്തിനിടെ മേയർ അഡ്വ .എം. അനിൽ കുമാർ ഇറങ്ങിപ്പോയി. പ്രതിപക്ഷാംഗങ്ങൾ കൊച്ചി നഗരസഭ റൂം ഫോ‌ർ റിവർ എന്നെഴുതിയ വഞ്ചിയുടെ മാതൃക ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചു. ഭരണപക്ഷം മേയറെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചു.

ഭരണസമിതി യോഗത്തിൽ അഞ്ചുദിവസം മുമ്പ് ചോദ്യങ്ങൾ നൽകിയിട്ടും മേയർ കൗൺസിലിൽ മറുപടി നൽകാതിരുന്നത് ഭരണപരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ വർഷം വെള്ളക്കെട്ട് നിവാരണപ്രവർത്തനങ്ങൾക്ക് എത്ര തുക ചെലവാക്കിയെന്നും അതിൽ എത്ര പ്രവൃത്തികൾ പൂർത്തിയാക്കിയെന്നും മേയർ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയ്ക്ക് കാര്യങ്ങൾ കാണാൻ പറ്റാത്തത് കണ്ണിന്റെ പ്രശ്നമാണെന്ന് മേയർ പറഞ്ഞു. നഗരത്തിൽ മേഘവിസ്ഫോടനത്തിന് സമാനമായ മഴയാണ് പെയ്തത്. 2019ലെ വെള്ളക്കെട്ട് ആരും മറക്കരുതെന്നും മേയർ പറഞ്ഞു. നഗരത്തിലെ ഓടകളിൽ മാലിന്യം കൂടുകളിലാക്കി തള്ളുന്നത് വർദ്ധിച്ചുവരുകയാണ്. ഇത് അനുവദിക്കില്ലെന്ന് മേയർ വ്യക്തമാക്കി.

എറണാകുളം സൗത്തിൽ 136 മില്ലീ മീറ്റർ മഴയാണ് പെയ്തത്. വെള്ളക്കെട്ടിന്റെ പ്രശ്നങ്ങൾ പെരുമാറ്റച്ചട്ടങ്ങൾക്ക് ശേഷം ഗൗരവമായി ചർച്ച ചെയ്യും. മഴയിൽ ട്രാഫിക് തകരാറിലാവുന്നതുമായി ബന്ധപ്പെട്ട് പൊലീസുമായി സംസാരിച്ചിട്ടുണ്ട്. മുല്ലശേരി കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതാണ് എറണാകുളം സൗത്തിൽ വെള്ളക്കെട്ടുണ്ടാകുന്നത്. പനമ്പള്ളി നഗറിലെ വെള്ളക്കെട്ട് പരിഹരിക്കാൻ തേവര പെരണ്ടൂർ കനാൽ ശുചീകരിക്കണം. പുതിയതായി എത്തുന്ന സിൽറ്റ് പുഷർ ഉപയോഗിച്ച് ചെളി നീക്കം ചെയ്യുന്നതോടെ പരിഹാരമാകും

അഡ്വ. എം. അനിൽ കുമാർ

കൊച്ചി മേയർ

കളമശേരിയിലും പ്രതിഷേധം

കളമശേരിയിലും വെള്ളക്കെട്ടിനെ ചൊല്ലി സി.പി.എം, യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധിച്ചു. വെള്ളക്കെട്ടിൽ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ മന്ത്രി പി. രാജീവ് നാടകം കളിക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. കളമശേരിയിലെ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിലേക്കും മാർച്ച് നടത്തി. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തരമായി തോടുകളും ഓടകളും വൃത്തിയാക്കുക, മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.