കൊച്ചി: അന്റാർട്ടിക്കയിൽ പുതിയ പഠന-ഗവേഷണങ്ങൾ ആരംഭിക്കുന്നതു സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളുമായി 46-ാമത് അന്റാർട്ടിക്ക ട്രീറ്റി സമ്മേളനം സമാപിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ മേൽനോട്ടത്തിൽ 17 കർമ്മപരിപാടികൾ നടപ്പാക്കും.

ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ 10 ദിവസമായി നടന്ന ഉച്ചകോടിയിൽ 56 രാജ്യങ്ങളിലെ നാനൂറിലേറെ പ്രതിനിധികൾ പങ്കെടുത്തു. അന്റാർട്ടിക്കയെ ചൂഷണങ്ങളിൽ നിന്നും കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വെല്ലുവിളികളിൽ നിന്നും രക്ഷിക്കാൻ കൂട്ടായശ്രമം നടത്തും. ടൂറിസം പദ്ധതികൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന ഇന്ത്യൻ വാദത്തെ ഫ്രാൻസ്,യു.കെ,ജർമ്മനി,നെതർലൻഡ്‌സ്,ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങൾ പിന്തുണച്ചു.

അന്റാർട്ടിക്,ആർട്ടിക് മേഖലകളെക്കുറിച്ച് പഠിക്കാൻ നാസ രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. ആഗോളതാപനംമൂലം സമുദ്രജലനിരപ്പ് ഉയരുന്നത് ഭീഷണിയാണെന്നും ഉച്ചകോടി വിലയിരുത്തി. അന്റാർട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രമായ മൈത്രി 2 സ്ഥാപിക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം സമ്മേളനത്തെ ശ്രദ്ധേയമാക്കി.