water
ഹെലിബറിയ കുടിവെള്ള പദ്ധതി പ്രദേശത്ത് പമ്പിങ്ങ് പരിശോധിക്കുന്നു

പീരുമേട്: വേനൽ കടുത്തതോടെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. കുടിവെള്ള സ്രോതസ്സുകളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു ഇതുമൂലം നിരവധി കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കടുത്ത വേനൽ തുടരുകയാണെങ്കിൽ പല കുടിവെള്ള പദ്ധതികളും നിലയ്ക്കും. നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയാണ് പദ്ധതി പ്രദേശങ്ങളിൽ നിന്ന് കുടിവെള്ളം ഉപഭോക്താക്കൾക്ക് നൽകുന്നത്.

വിവിധ കുടിവെള്ള പദ്ധതികളുടെ ഉറവിടമായ പെരിയാർവറ്റി വരളുകയാണ്. മുൻപ് ഒരിക്കലും ഇല്ലാത്ത വിധം വേനൽ കടുത്തു. പ്രദേശത്ത് ഒട്ടും വേനൽ മഴ ലഭിച്ചില്ല. പീരുമേട് മണ്ഡലത്തിലെ 6 പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്ന ബൃഹത് പദ്ധതിയായ ഹെലിബറിയാ കുടിവെള്ള പദ്ധതിയും പ്രതിന്ധിയിലേക്ക് നീങ്ങുകയാണ്. നിലവിൽ പമ്പിംഗ് നിയന്ത്രണ വിധേയമായാണ് നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വേനൽ മഴ ലഭിക്കാതായാൽ പദ്ധതിയുടെ ജല ശ്രോതസ് പൂർണ്ണമായും നിലയ്ക്കും. നിലവിൽ പമ്പിംഗ് നിയന്ത്രണ വിധേയമാക്കിയതോടെ വിവിധ പ്രദേശങ്ങളിലെ ഗുണഭോക്താക്കൾ പരാതിയുമായി രംഗത്ത് എത്തി. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിയിച്ചു കഴിയുന്ന ആയിരക്കണക്കിന് ഉപഭോക്താക്കൾ പദ്ധതി പ്രദേശത്തുണ്ട്.

പൈപ്പ്പൊട്ടി

കുടിവെള്ളം പാഴാകുന്നുകുമളി: കുമളിയിൽ കുടിവെള്ള വിതരണം താളംതെറ്റി. തേക്കടി തടാകത്തിൽ വെള്ളമുണ്ടെങ്കിലും ടൗൺ അടക്കം കുമളി പഞ്ചായത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമല്ല. അറ്റകുറ്റപ്പണി സമയത്ത് ചെയ്യാത്തതും നിലവാരം കുറഞ്ഞ പൈപ്പ് അടക്കമുള്ളവ ഉപയോഗിക്കുന്നതുമാണ് പ്രശ്‌നം. തേക്കടി തടാകത്തിൽ നിന്നാണ് കുടിവെള്ളം പമ്പ് ചെയ്യുന്നത്. ചക്കുപള്ളം കുമളി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പദ്ധതി. പലയിടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കുമളി സെൻട്രൽ ജംഗ്ഷനും മുസ്‌ളീം ദേവാലയത്തിനും ഇടയിൽ മൂന്നിടത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്.
ചക്കുപള്ളം ഭാഗത്തേക്ക് കുടിവെള്ളം കാര്യക്ഷമമായി എത്തുമ്പോൾ കുമളി പഞ്ചായത്തിലെ അമരാവതി, കുരിശുമല , കൊല്ലം പട്ടട കുരിശുമല പ്രദേശങ്ങളിൽ പൈപ്പ് വെള്ളം കിട്ടാക്കനിയായി മറുന്നു. ഉയർന്നപ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ല. അമരാവതിയടക്കം വിവിധ പ്രദേശങ്ങളിൽ നൂറുകണക്കിന് പുതിയ കണക്ഷനുകൾ നല്കിയിട്ടുണ്ട്. തട്ടിക്കൂട്ടി നല്കിയ കണക്ഷനുകളിൽ ചോർച്ചയും ഉണ്ട്. അമരാവതി, രണ്ടാം മൈൽ, കുരിശുമല തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ചോർച്ചയെ തുടർന്ന് വെള്ളത്തിന് പ്രഷർ നഷ്ടമായി വെള്ളം എത്താത്തതാണ് പ്രശ്‌നം.