തൊടുപുഴ : നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. പലയിടത്തും ഓടകൾ അടഞ്ഞതിനാൽ വെള്ളം ഒഴുകപോകാൻ സൗകര്യം ഇല്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഓടകൾ നഗരസഭയുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ വൃത്തിയാക്കാറുണ്ടെങ്കിലും മാലിന്യം നിറഞ്ഞ് വീണ്ടും ഓടകൾ അടയുന്ന സ്ഥിതിയാണുള്ളത്. മഴവെള്ളം ഒഴുകുന്നതിന് വേണ്ടി നിർമിച്ചിട്ടുള്ള ഓടകൾ പലതും കൈയേറ്റത്തിന്റെ ഫലമായി ഇടുങ്ങപ്പോയിട്ടുണ്ട്. ഇതോടെയാണ് ഓടകളിലൂടെയുള്ള സുഗമമായ വെള്ളമൊഴുക്കിന് തടസമുണ്ടായിട്ടുള്ളത്. കഴിഞ്ഞ മഴക്കാലത്ത് ഉൾപ്പെടെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മഴക്കാലത്തിന് മുന്നോടിയായി നഗരത്തിലെ ഓടകൾ വൃത്തിയാക്കുവാനുള്ള നടപടികൾ നഗരസഭ സ്വീകരിച്ച് കഴിഞ്ഞു. നിലവിൽ പകുതിയലേറെ ഓടകൾ വൃത്തിയാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന ഓടകളും മഴവെള്ളം ഒഴുകി പോകാനുള്ള ചാലുകളും ഉടൻ തന്നെ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കും. മഴവെള്ളം ഒഴുകപോകാൻ തടസമായിട്ടുള്ള നഗരത്തിലെ അനധികൃത കയ്യേറ്റങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. കല്യാണ മണ്ഠപങ്ങൾ, ഓഡിറ്റോറിയങ്ങൾ, ഭക്ഷണശാലകൾ, പച്ചമീൻകടകൾ, ലൊഡ്ജുകൾ, എന്നിവ ഉൾപ്പടെ പല സ്ഥാപനങ്ങളുടെയും കക്കൂസ് മാലിന്യം ഉൾപ്പടെയുള്ള മലിനജലം സമീപമുള്ള ഓടയിലേയ്ക്ക് ക് പി വി സി പൈപ്പിലൂടെ ഒഴുക്കി വിടുകയാണ്. മഴവെള്ളം ഒഴുക്കുന്നതിനായി നിർമ്മിച്ചിരിക്കുന്ന ഡ്രെയനേജിലേയ്ക്ക് അനധികൃതമായി മലിനജലം ഒഴുക്കുന്നവരെ കണ്ടെത്തുന്നതിനായി സ്ലാബുകൾ മാറ്റി വൃത്തിയാക്കുകയും ഡ്രെയ്‌നേജലേക്ക് വച്ചിരിക്കുന്ന പൈപ്പ് അടച്ച് നിയമലംഘനം നടത്തിയവരുടെ പേരിൽ പിഴ അടപ്പിച്ച് നിയമ നടപടി സ്വീകരിച്ച് വരികയുമാണ്. പഴയ സ്റ്റാൻഡിന് സമീപമുള്ള ഡ്രയ്നേജിലേക്ക് മലിനജലം ഒഴുക്കുന്നവരെ കണ്ടെത്തുന്നതിനായി പഴയ സ്റ്റാൻഡുമുതൽ മാതാ ഷോപ്പിംഗ് കോപ്ലക്സ് വരെയുള്ള ഡെയ്‌നേജ് സ്ലാബുകൾ മാറ്റി പരശോധിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭ ചെയർമാൻ അറിയിച്ചു