തൊടുപുഴ: മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭ പ്രദേശത്തും കണ്ടെത്തിയ പുലിയെ പിടി കൂടാൻ സാധിക്കാത്തത് ജനങ്ങളുടെ ആശങ്ക വർദ്ധിണ്പ്പിക്കുകയാണ്. .പുലിയെ പിടികൂടാൻ അധികൃതർ ചില നടപടികൾ സ്വീകരിക്കുമ്പോഴും കൂടുതൽ ആളുകൾ പുലിയെ കണ്ടെത്തി എന്ന് പറഞ്ഞു രംഗത്തെത്തുന്നത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്‌. ഞായറാഴ്ച്ച വൈകിട്ട് മലങ്കര അരുവികുത്ത് വെള്ള ചാട്ടത്തിന് സമീപത്ത് എത്തിയ വിനോദ സഞ്ചാരികൾ പുലിയെ കണ്ടതായി പറയുന്നു. ഞായറാഴ്ച്ച രാത്രിയിൽ തന്നെ 11.15 മണിയോടെ കാട്ടോലി കല്ലുവേലിപ്പറമ്പിൽ കുഞ്ഞുമാന്റെ വീടിന്റെ പരിസരത്ത് പുലിയെ കണ്ടെത്തി. പ്രദേശവാസികൾ സംഘടിച്ച് കുറുവടിയും മറ്റുമായി ചുറ്റിലും തിരഞ്ഞെങ്കിലും പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി 1.30 മണിയോടെ കാട്ടോലി മൂന്നാംമൈൽ പാലത്തിന് സമീപത്ത് ഉപ്പായിക്കവലയിലും പുലിയേയും മൂന്ന് പുലിക്കുട്ടികളേയും കണ്ടെന്ന് മലങ്കര മൂന്നാംമൈൽ കണ്ണംപാറകവല പാറേക്കുടിയിൽ ജോയിയും പറഞ്ഞു. തൊടുപുഴ ലോഗോബീസ്റ്റ് ഗാനമേള സംഘത്തിലെ ഗിറ്റാറിസ്റ്റാണ് ജോയി. കഴിഞ്ഞ ഞായറാഴ്ച്ച കൊല്ലം ചാത്തന്നൂർ അമ്പലത്തിൽ ഉത്സവത്തിന് ഗാനമേളയിൽ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് പുലിയേയും കുട്ടികളേയും കണ്ടത്. സ്‌കൂട്ടറിൽ വന്ന ജോയി മൂന്നാംമൈൽ പാലം കഴിഞ്ഞ് ഉപ്പായിക്കവല ഭാഗത്ത് വെച്ചാണ് പുലികളെ കണ്ടത്. സ്‌കൂട്ടറിന്റെ ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ തിളക്കത്തോടെ രണ്ട് നീല കണ്ണുകളാണ് ജോയിയുടെ ശ്രദ്ധയിൽപ്പെട്ടത്. സ്‌കൂട്ടർ കുറച്ചൂടെ മുന്നോട്ട് എത്തിയപ്പോൾ പുലിയും മൂന്ന് കുട്ടികളും ഉപ്പായിക്കവല ഭാഗത്തെ ലയത്തിലേക്കുള്ള വഴിയേ തിരിഞ്ഞു പോകുന്നതാണ് കണ്ടത്. കാട്ട് പന്നിക്കൂട്ടങ്ങളാകും എന്നാണ് ജോയി ആദ്യം കരുതിയത്.