കട്ടപ്പന: എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയൻ സാമൂഹിക, സാംസ്ക്കാരിക, ആദ്ധ്യാത്മിക രംഗങ്ങളിൽ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ചരിത്രപരമായ കടമകൾ നിർവഹിച്ച് ശ്രീനാരായണ ഗുരുദേവ ദർശന മഹിമയിൽ മാനവ പുരോഗതിക്ക് വഴിതെളിച്ച് സുവർണ ജൂബിലി പിന്നിടുകയാണ്. യൂണിയന്റെ സ്ഥാപക നേതാക്കളായിരുന്ന പച്ചടി ശ്രീധരൻ, എ.കുഞ്ഞൻ സാർ എന്നി യശസ്വികളായ ധീരനേതാക്കളും, തുടർച്ചക്കാരായി എത്തിയ ഒട്ടേറെ പ്രശസ്തരായ നേതാക്കളും, ഗുരുഭക്തരായ കുടുംബങ്ങളുമാണ് യൂണിയന്റെ ശക്തിയായി എന്നും നിലകൊള്ളുന്നത്.
ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ സന്ദേശങ്ങൾ ഉൾക്കൊണ്ട് "മതേതരത്വത്തിന്റെ പ്രകാശഗോപുരം" എന്നറിയപ്പെടുന്നതും രാഷ്ട്രപതിയായിരുന്ന ആർ. വെങ്കിട്ടരാമൻ നാടിന് സമർപ്പിച്ച കട്ടപ്പനയിൽ ശിരസുയർത്തി നിൽക്കുന്ന ഗുരുദേവ കീർത്തിസ്തംഭത്തിന് 2023 -ലെ ലോകപ്രശസ്തി അവാർഡ് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച വൈകിട്ട് 4ന് യൂണിയൻ ആസ്ഥാനത്ത് നടക്കുന്ന സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ ഗുരുദേവകീർത്തിസ്തംഭത്തിന് ലഭിച്ചിട്ടുള്ള ഡോ. അബ്ദുൾകലാം വേൾഡ് റെക്കോർഡ് അവാർഡ് പ്രഖ്യാപനം എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യൂണിയന്റെ സുവർണജൂബിലി ആഘോഷ വേളയിൽ നിർമ്മാണം ആരംഭിച്ച് മൂന്ന് നിലകളിൽ 14 വീടുകളും ഷോപ്പിംഗ് കോംപ്ലക്സും ഉൾപ്പെട്ട ഫ്ളാറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനവും യോഗം ജനറൽ സെക്രട്ടറി നിർവഹിക്കും. വിവിധ സംഘടനാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ എന്നിവർ അറിയിച്ചു.