തൊടുപുഴ: സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിലെ ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് ഓങ്കോസർജറി വിഭാഗത്തിൽ നടത്തിയ കുട്ടികളിലെ കൂർക്കം വലിയും ശ്വാസ തടസ്സവുമായി ബന്ധപ്പെട്ട പഠനത്തിനു ദേശീയ അംഗീകാരം ലഭിച്ചു.പീഡിയാട്രിക് ഒബ്‌സ്ട്ര്ര്രകീവ് സ്ലീപ് അപ്നിയ ഉള്ള കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ചികിത്സാ പഠനം ഇ.എൻ.ടി വിഭാഗം മേധാവി ഡോ. സാനു പി മൊയ്തീന്റെ നേതൃത്വത്തിലാണ് നടന്നത്.
ഇന്ത്യയിലെ ഇ.എൻ.ടി ഡോക്ടർമാരുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഇന്ത്യൻ ജേർണൽ ഓഫ് ഓട്ടോ ലാറിംഗോളജി ഹെഡ് ആൻഡ് നെക്ക് സർജറിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.പീഡിയാട്രിക് ഒ.എസ്.എ ഉള്ള കുട്ടികളിൽ, വേദനാരഹിതമായ എൻഡോസ്‌കോപിക് കോബ്ലേഷൻ എന്ന ശസ്ത്രക്രിയ നടത്തുകയും തുടർന്നുള്ള മാസങ്ങളിൽ കുട്ടികളുടെ ആരോഗ്യം വിലയിരുത്തുകയും ചെയ്തു. പഠനത്തിന് നേതൃത്വം നൽകിയ ഡോ. സാനു പി മൊയ്തീൻ ശിശുരോഗ ഒ.എസ്.എ ചികിത്സയിൽ ഈ കണ്ടെത്തലുകളുടെ സാദ്ധ്യതയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.