തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിന് 32 വർഷം കഠിനതടവും 1.35 ലക്ഷം രൂപ പിഴയും ശിക്ഷ. നെയ്യശേരി കൊടുവേലി വാണിയകിഴക്കേൽ അഖിൽ ഫ്രാൻസിസ് (25) നെയാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി നിക്‌സൺ എം. ജോസഫ് ശിക്ഷിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിൽ അതിക്രമിച്ച് കയറി പ്രതി പലതവണ 17 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. പ്രതി ഭീഷണിപ്പെടുത്തിയിരുന്നതിനാൽ പെൺകുട്ടി ഈ സംഭവം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് ഗർഭിണിയാതോടെയാണ് വിവരം പുറത്താകുന്നത്. ഡി.എൻ.എ പരിശോധനയിൽ പ്രതിയാണ് ഗർഭത്തിന് ഉത്തരവാദി എന്ന് കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളിലായാണ് 32 വർഷം കഠിന തടവ്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 15 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും. പിഴ അടയ്ക്കാത്ത പക്ഷം 135 ദിവസം കൂടി കഠിന തടവ് അനുഭവിക്കണം. പെൺക്കുട്ടിയ്ക്ക് നഷ്ടപരിഹാരമായി മൂന്നു ലക്ഷം രൂപ ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോരിറ്റിയ്ക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ബി. വാഹിദ ഹാജരായി.