ഇടുക്കി: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. അടിമാലിയിൽ ഹരിതകേരളം മിഷൻ യു.എൻ.ഡി.പി. പദ്ധയിലുൾപ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പരിപാടി. ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലത്തിക്കാൻ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുള്ളത്. മേയ് ഏഴിന് ബ്ലോക്കുതലത്തിലും പത്തിന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 20 മുതൽ മൂന്നു ദിവസം അടിമാലിയിൽ വച്ച് പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 7,8,9 ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈൻ സംവിധാനത്തിലൂടെ രജിസ്‌ട്രേഷൻ നടത്താം. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചായിരിക്കും ക്വിസ് മത്സരം. ഇന്ററാക്ടീവ് അടിസ്ഥാനത്തിലാണ് ക്വിസ് മത്സരം. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും. വിനോദവും വിജ്ഞാനവും കോർത്തിണക്കി ശില്പശാലകൾ, കുട്ടികളുടെ പഠനങ്ങൾ, ഫീൽഡ് പ്രവർത്തനങ്ങൾ, പാട്ടുകൾ, കളികൾ, നൈപുണ്യ വികസനം എന്നിവ ഉൾപ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠന ക്യാമ്പ്. ക്വിസ് മത്സരത്തിലും പഠനോത്സവ ക്യാമ്പിലും പങ്കെടുക്കുന്നതിന് കുട്ടികൾക്കുള്ള താമസവും ഭക്ഷണവും ഉൾപ്പെടെ സൗജന്യമായിരിക്കും. ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുൻനിർത്തി ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പുകൾ എല്ലാ വർഷവും വേനലവധിക്കാലത്ത് സംഘടിപ്പിക്കുമെന്ന് നവകേരളം കർമപദ്ധതി ജില്ല കോർഡിനേറ്റർ അറിയിച്ചു.ഇ-മെയിൽ: navakeralamidukki@gmail.com