തൊടുപുഴ : ജില്ലയിൽ കടുത്ത വരൾച്ചയെ തുടർന്ന് വ്യാപകമായ കൃഷിനാശം സംഭവിക്കുകയാണെന്നും കർഷകർക്ക് നഷ്ട പരിഹാരം നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ആവശ്യപ്പെട്ടു. നാണ്യവിളകളായ ഏലം, ജാതി, ഗ്രാമ്പൂ, കൊക്കോ തുടങ്ങിയ കൃഷികൾ ആവശ്യത്തിനു വെള്ളം ലഭിക്കാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ ഏതാണ്ട് 60 ശതമാനത്തോളം കൃഷികൾ ഉണങ്ങി നശിച്ചിട്ടുണ്ട്. അമ്പതു ശതമാനത്തിലധികം കൃഷിനാശം സംഭവിച്ചാൽ ദുരിത ബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും അടിയന്തിര കേന്ദ്ര സഹായത്തിന് നിവേദനം നൽകുകയും ചെയ്യേണ്ടതാണ്. ദുരന്തനിവാരണ നിയമപ്രകാരം സംസ്ഥാനങ്ങൾക്ക് കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ രൂക്ഷമായ വരൾച്ച ഉണ്ടായിട്ടും സംസ്ഥാന സർക്കാർ കടമ നിർവ്വഹിക്കാൻ തയ്യാറായിട്ടില്ല. സ്ഥിതിഗതികളുടെ ഗൗരവാവസ്ഥക്കനുസരിച്ച് അടിയന്തിരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണം. ഇടുക്കി ജില്ലയിലെ പലപ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. അടിയന്തിരമായി കുടിവെള്ളം ലഭ്യമാക്കാൻ അധികൃതർ തയ്യാറാകണം. ജില്ലയിലെ ഹൈറേഞ്ചിലെ പഞ്ചായത്തുകളിൽ ബൃഹത്തായ ശുദ്ധജല വിതരണ പദ്ധതികൾ നടപ്പിലാക്കി കുടിവെള്ള ക്ഷാമത്തിന് ദീർഘകാല പരിഹാരം കാണാനും സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.