atm

കട്ടപ്പന: യൂണിയൻ ബാങ്ക് കട്ടപ്പന ശാഖയുടെ ക്യാഷ് ഡിപ്പോസിറ്റ് മെഷീൻ പ്രവർത്തന രഹിതമായിട്ട് ഒരു മാസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ല. കട്ടപ്പന നഗരത്തിൽ മുൻസിപ്പൽ കെട്ടിടത്തിൽ താഴത്തെ നിലയിലാണ് യൂണിയൻ ബാങ്ക് ശാഖയുടെ ഏക സി.ഡി.എം മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ശാഖ ഇവിടേയ്ക്ക് മാറ്റിയതിന് പിന്നാലെയാണ് സി.ഡി.എമ്മും സ്ഥാപിച്ചത്. സേവനങ്ങൾ ഡിജിറ്റലായതോടെ ഉപഭോക്താക്കളിൽ പലരും സി.ഡി.എം വഴിയാണ് പണം നിക്ഷേപിക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരു മാസമായി മെഷീൻ പ്രവർത്തന രഹിതമാണ്. ഉപഭോക്താക്കൾ പലതവണ പരാതിപ്പെട്ടെങ്കിലും ഇതുവരെ നന്നാക്കാൻ ബാങ്ക് അധികൃതർ തയ്യാറായിട്ടില്ല. സി.ഡി.എം മെഷീൻ തകരാറിലായത് അറിയാതെ നിരവധി ഉപഭോക്താക്കളാണ് ദിവസേനയെത്തി മടങ്ങുന്നത്. ബാങ്ക് ശാഖയിൽ എത്തി പണം നിക്ഷേപിക്കാമെന്ന് കരുതിയാൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട സ്ഥിതിയാണ്. പണം നിക്ഷേപിക്കുന്നതിന് പുറമെ പിൻവലിക്കുന്നതിനായും കൗണ്ടറിൽ ആളുകളെത്തി നിരാശരായി മടങ്ങുന്നുണ്ട്. കട്ടപ്പനയിൽ മുൻസിപ്പൽ കെട്ടിടത്തിലെ സി.ഡി.എമ്മിന് പുറമെ ഇടുക്കികവലയിലും സെന്റ് ജോൺസ് ആശുപത്രി വളപ്പിലുമാണ് യൂണിയൻ ബാങ്കിന്റെ എ.ടി.എം കൗണ്ടറുകൾ പ്രവർത്തിക്കുന്നത്.