തൊടുപുഴ: മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ നൂറ്റാണ്ടുകളായി തണൽ വിരിച്ച് നിൽക്കുന്ന കായ്ഫലമുള്ള തേൻമാവിന് മുത്തശ്ശി പദവി നൽകാൻ പ്രകൃതി സ്‌നേഹികളുടെയും കലാ സാംസ്‌കാരിക രംഗത്തുള്ളവരുടെയും സംഘടനയായ സഹ്യാദ്രി സംരക്ഷണ സമിതി തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 നു സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ തഹസിൽദാർ എ.എസ്. ബിജിമോൾ നാമകരണ പ്രഖ്യാപനം നടത്തും. സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ട പണിയുടെ ഭാഗമായി ഈ മാവ് മുറിച്ചു മാറ്റാൻ അധികാരികൾ തീരുമാനിച്ചിരുന്നു. തൊടുപുഴയിലെ സാംസ്‌കാരിക കൂട്ടായ്മ രാപകൽ സമരം നടത്തി, കോടതി ഇടപെടൽ കൊണ്ടാണ് മാവിനെ രക്ഷിക്കാൻ കഴിഞ്ഞത്. സഹ്യാദ്രി സംരക്ഷണസമിതി ചെയർമാൻ ഒ.എസ്. അബ്ദുസമദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ കെ.എസ്. സുബൈറും കലാ സാംസ്‌കാരിക പ്രവർത്തകരും വ്യാപാരി വ്യവസായി പരിസ്ഥിതി രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.