ഇടുക്കി : വരൾച്ചയെ നേരിടാൻ സർക്കാർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. ജില്ലയുടെ പലപ്രദേശങ്ങളിലും കുടിവെള്ളം പോലും കിട്ടാനില്ല. അതിരൂക്ഷമായ വരൾച്ചയെ നേരിടാൻ സർക്കാരും ജലവിഭവ വകുപ്പും ഒരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. വരൾച്ച രൂക്ഷമായിട്ട് രണ്ട് മാസം കഴിയുന്നു. ജില്ലയിൽ കുടിവെള്ള വിതരണത്തിനുള്ള നടപടികൾ സ്വീകരിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ ഇനിയമുണ്ട്. കൂടാതെ ഇതിനായി സർക്കാർ വകയിരുത്തിയിരിക്കുന്ന പണവും അപര്യാപ്തമാണ്. കുടിവെള്ള വിതരണത്തിന് കൂടുതൽ പണം അനുവദിക്കുന്നതിനും ആവശ്യമായ എല്ലാ സ്ഥലങ്ങളിലും തദ്ദേശസ്ഥാപനങ്ങളെക്കൊണ്ട് കുടിവെള്ളമെത്തിക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വരൾച്ചയിൽ ജില്ലയിലെ കാർഷിക മേഖല പൂർണമായും തകർന്നു. ഏലം ഉൾപ്പടെയുള്ള കൃഷികൾ കരിഞ്ഞുണങ്ങി കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വരൾച്ചമൂലം ജില്ലയിൽ ഉണ്ടായ കൃഷിനാശത്തെകുറിച്ച് പഠിക്കാൻ സർക്കാർ സമതിയെ നിയോഗിക്കണം. കൃഷിനാശമുണ്ടായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. ഇടുക്കിയെ ദുരന്തബാധിത ജില്ലയായി പ്രഖ്യാപിച്ച് ജപ്തി നടപടികൾ നിർത്തിവെക്കുന്നതിനും ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളാനും നടപടി സ്വീകരിക്കണം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും ഡീൻ പറഞ്ഞു.