കരിങ്കുന്നം: ആഴ്ചകളായി പുലി ഭീഷണി തുടരുന്ന കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി, അമ്പലംപടി, കാട്ടോലി, അഴകുംപാറ, വടക്കുംമുറി, പഴയമറ്റം, പ്രദേശങ്ങളും മുട്ടം പഞ്ചായത്തിലെ ചേർന്നു കിടക്കുന്ന സ്ഥലങ്ങളും തൊടുപുഴ മുനിസിപ്പാലിറ്റിയിലെ മഞ്ഞുമാവ്, പാറക്കടവ് പ്രദേശങ്ങളിലും ജനജീവിതം നിശ്ചലമായ അവസ്ഥയിലാണ്. കൂടുതൽ പുലികൾ കണ്ടതായി പറയുന്ന സ്ഥലങ്ങളിൽ സ്ഥിരീകരണത്തിനോ ആവശ്യമായ എണ്ണം പുതിയ കൂടുകൾ സ്ഥാപിക്കുന്നതിനോ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിൽ പുലി ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങളെ ഒരുമിപ്പിച്ച് പ്രത്യക്ഷ സമരപരിപാടികൾ തീരുമാനിക്കുന്നതിനായി യോഗം ചേരുന്നു. ഇന്ന് വൈകുന്നേരം 4 ന് ഇല്ലിചാരി അമ്പലംപടിയിൽ ചേരുന്ന യോഗത്തിൽ പി.ജെ. എബ്രാഹം പാറടിയിൽ അദ്ധ്യക്ഷനാകുമെന്ന് ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന സംസ്ഥാന സെക്രട്ടറി എൻ. വിനോദ്കുമാർ അറിയിച്ചു.