പീരുമേട്: പഞ്ചായത്തിൽ ഡെങ്കിപ്പനി രോഗികളുടെ എണ്ണം ദിവസേന വർദ്ധിക്കുന്നു.പാമ്പനാർ, പട്ടു മല എന്നീ പ്രദേശങ്ങളിൽ ഡെങ്കിപ്പനി രോഗികളുടെ എണ്ണം വർദ്ധിച്ചു. ഒരു മാസത്തിനുള്ളിൽ 60 ൽപ്പരം പേർക്ക് ഡെങ്കിപനി ബാധിച്ചതായും ഇപ്പോഴും30 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.പീരുമേട് പഞ്ചായത്തിൽ രണ്ടു വാർഡുകൾ ഹോട്ട് സ്‌പോട്ടുകളാണ്. ഒരു കുടുംബത്തിൽ രണ്ടും മൂന്നും പേർ രോഗബാധിതരാണ്. ഡെങ്കിപ്പനി രോഗികൾ വർദ്ധിച്ചപ്പോൾ തന്നെ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു.എന്നിട്ടും രോഗികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്നതിൽ ജനം ഭീതിയിയിലാണ് . ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടും രോഗികളുടെ എണ്ണം കൂടുന്നു. പീരുമേട്ടിൽ മുൻ വർഷങ്ങളേക്കാൾ ചൂട് വർദ്ധിച്ചു.പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ആദ്യഘട്ടമായി ഡെങ്കിപ്പനികൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിച്ചും വീടുകളിലും, മാർക്കറ്റ്, പരിസര പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകർ ബോധവൽക്കരണവും നടത്തിയിരുന്നു. കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കാൻ ശക്തമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും കൊതുക ഫോഗിങ്ങ് നടത്തിയും കൊതുക് നിവാരണ പ്രവർത്തനങ്ങളും ആരോഗ്യ പ്രവർത്തകർ ഊർജിതമാക്കിയിട്ടുണ്ട്.