peerumedu

പീരുമേട് : വണ്ടിപ്പെരിയാർ പ്രദേശത്തു കുടി വെള്ള ക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർുേശിച്ചു. പീരു മേട് ഗസ്റ്റ് ഹൗസിൽ സിറ്റിംഗിൽ മനുഷ്യാവകാശ പ്രവർത്തകൻ ഡോ ഗിന്നസ് മാട സാമി നൽകിയ പരാതിയിലാണ് നടപടി. പീരു മേട് പി എച്ച് ഡിവിഷനിലെ അസിസ്.എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകിയ റിപ്പോർട്ട് കമ്മീഷൻ പരിശോധിച്ചു. കുടി വെള്ള ക്ഷാമം പരിഹരിക്കുന്നതിനു ബന്ധപ്പെട്ട അധികൃതർ നൽകിയ റിപ്പോർട്ട് തൃപ്തികരമില്ലാത്തതിനാൽ വകുപ്പ് മേധാവികളെ വിളിച്ചു വരുത്തി തുടർ നടപടി സ്വീകരിച്ചു കുടി വെള്ള പ്രശ്നം പരിഹരിക്കണമെന്ന് പരാതി കക്ഷിയായ ഗിന്നസ് മാട സാമി ആക്ഷേപം സമർപ്പിച്ചു.

സിറ്റിംഗിൽ 21 കേസുകൾ പരിഗണിച്ചു. 14 പരാതികൾ തീർപ്പാക്കി. മറ്റു പരാതികളിൽ പൊലീസിനോടും വിവിധ വകുപ്പുകളോടും റിപ്പോർട്ടുകൾ ആവശ്യപ്പെട്ടു.പുതിയതായി 3 പരാതികൾ ലഭിച്ചു.
വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദേശീയ പൊതുജനാരോഗ്യ സൂചികയിൽ നിഷ്‌കർഷിക്കുന്ന സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്നും രാത്രികാല ചികിത്സയ്ക്ക് റെസിഡെൻഷ്യൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും കമ്മീഷൻ നൽകിയ ഇടക്കാല ഉത്തരവിന്മേൽ ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ കമ്മീഷൻ ആരാഞ്ഞു. ആവശ്യമായ ഡോക്ടർമാരെ നിയമിച്ചു രാത്രികാല ചികിത്സ ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കർശന നിർദ്ദേശം നൽകി.സർക്കാർ തലത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനു ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിനു കമ്മീഷൻ വീണ്ടും നിർദ്ദേശം നൽകും. കഴിഞ്ഞ ഡിസംബർ അഞ്ചിന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് കമ്മിഷൻ ഉത്തരവ് നൽകിയത്.