ഇടുക്കി: മുൻകാലങ്ങളിലൊരിക്കലും ജില്ല നേരിട്ടിട്ടില്ലാത്ത വിധം വരൾച്ചയാണ് ഇപ്പോൾ മലയോര മേഖല നേരിടുന്നത്. മിക്ക നീർച്ചാലുകളും ജലസ്രോതസുകളും വറ്റി വരണ്ടു. ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണെങ്ങും. കുളിര് തേടി പോകുന്ന മൂന്നാറടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോലും മുമ്പെങ്ങുമില്ലാത്ത ചൂട്. ഈ ചൂട് ഇനിയുമിങ്ങനെ തുടർന്നാൽ എന്ത് ചെയ്യുമെന്നാണ് ജനങ്ങളുടെ ചോദ്യം. ജില്ലയിൽ വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. മനോജ് അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും വിയർപ്പ്, ശ്വാസം എന്നിവയിലൂടെ ശരീരതാപം കുറയ്ക്കുന്നതിന് സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതം സംഭവിച്ച ഒരാളുടെ ശരീരത്തിന്റെ താപനില 41 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും താപനിയന്ത്രണം നഷ്ടപ്പെടുകയും തലച്ചോർ, ഹൃദയം രക്തധമനികൾ, കിഡ്നി മുതലായ അവയങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തകരാറിലാവുകയും ചെയ്യും. സൂര്യാഘാതം സംഭവിച്ചു എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ മരണം സംഭവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
സൂര്യാഘാതത്തേക്കാൾ കുറച്ച് കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണവും വിയർപ്പിലൂടെ നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടാകുന്ന അവസ്ഥയാണിത്. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം എന്നിവയാണ് ലക്ഷണങ്ങൾ. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ താപ ശരീര ശോഷണം സൂര്യാഘാതത്തിന് അവസ്ഥയിലേക്ക് മാറിയേക്കാം.
സൂര്യാഘാതമേറ്റതായി സംശയം തോന്നിയാൽ തണുത്ത സ്ഥലത്തേക്ക് മാറ്റിയ ശേഷം തണുത്ത വെള്ളം ശരീരത്തിൽ ഒഴിക്കുക, ഫാൻ, എ.സി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.
സൂര്യാഘാതം ലക്ഷണങ്ങൾ
ഉയർന്ന ശരീര താപനില (104 ഡിഗ്രി ഫാരൻഹീറ്റ്)
വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം.
മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, പിച്ചും പേയും പറയൽ
ശക്തമായ തലവേദന, തലകറക്കം
മന്ദഗതിയിലുള്ള നാഡിമിടിപ്പ്
അബോധാവസ്ഥ
മറ്റു പ്രശ്നങ്ങൾ
കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവർക്ക് നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യതാപമേറ്റ് ചുവന്നു തുടുത്ത് വേദനയും പൊള്ളലുകളും സംഭവിച്ചേക്കാം. അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പു മൂലം ശരീരം ചൊറിഞ്ഞ് തിണർക്കുന്ന അവസ്ഥയാണ്.
ഇവരെ പ്രത്യേകം ശ്രദ്ധിക്കുക
65 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ
നാല് വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ
പ്രമേഹം, വൃക്ക രോഗം, ഹൃദ്രോഗം എന്നിവയുള്ളവർ
വെയിലത്ത് ജോലി ചെയ്യുന്നവർ
പോഷകാഹാര കുറവുള്ളവർ
തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താമസിക്കുന്നവർ
പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ
പ്രതിരോധിക്കാം
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക
വെയിലത്ത് ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് 11 മുതൽ മൂന്ന് വരെ വിശ്രമ വേളയാക്കുക
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്
വാതിലുകളും ജനലുകളും തുറന്നിട്ട് കാറ്റ് കടക്കാൻ അനുവദിക്കുക.
കട്ടി കുറഞ്ഞതും ഇളം നിറത്തിലുമുള്ള വസ്ത്രങ്ങൾ ധരിക്കുക.
വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തി പോകരുത്.
വിയർപ്പിലൂടെ ജലവും ലവണങ്ങളും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ, ഒ.ആർ.എസ് ലായനി, കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, പഞ്ചസാര, ഉപ്പ് ചേർത്ത പാനീയങ്ങൾ എന്നിവ കുടിക്കുക
സൂര്യാഘാതം മൂലം കുഴഞ്ഞു വീണാൽ അടിയന്തര ചികിത്സ നൽകണം