വാഹനം മരത്തിൽ തങ്ങിനിന്നത് ദുരന്തം ഒഴിവാക്കി

അടിമാലി : ആനച്ചാൽ -ഇരുട്ടുകാനം റോഡിൽ തോക്കുപാറക്ക് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു.നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ പാതയോരത്തെ കൊക്കയിലേക്ക് പതിക്കുമ്പോൾ മരത്തിൽ തങ്ങിനിന്നതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.. ഇന്നലെ രാവിലെയായിരുന്നു അപകടം സംഭവിച്ചത്.വാഹനത്തിൽ ഉണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.തമിഴ്‌നാട് ട്രിച്ചിയിൽ നിന്നും തൃശൂരിലേക്ക് പോയ സംഘം സഞ്ചരിച്ച ട്രാവലറാണ് തോക്കുപാറക്ക് സമീപം അപകടത്തിൽപ്പെട്ടത്.വാഹനം മരത്തിൽ തങ്ങി നിന്നസ്ഥലത്തെ കൊക്കയ്ക്ക് 50 അടിയിലേറെ താഴ്ച്ചയുണ്ട്.
കുട്ടികളടക്കം പതിനേഴ്പേർ വാഹനത്തിൽ ഉണ്ടായിരുന്നു.യാത്രക്കാർക്ക് ചെറിയ പരിക്കുകൾ സംഭവിച്ചു.ഇവരെ ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞവർഷം ഇവിടെ അപകടം സംഭവിച്ചിട്ടുണ്ട് അപകട സാദ്ധ്യത ഉള്ള സ്ഥലമായതിനാൽ ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കുകയും മുന്നറിയിപ്പ് ബോർഡ് വയ്ക്കുകയും ചെയ്താൽ സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർക്കും മറ്റുയാത്ര ക്കാർക്കും ഒരു പരിധി വരെ അപകടം ഒഴിവാക്കാൻ സഹായമാകും. അപകടം നടന്ന സമയം ഇതുവഴിയെത്തിയ ജില്ലാ കളക്ടറും മോട്ടോർവാഹന വകുപ്പുദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതിനാൽ പരിക്കേറ്റവരെവാഹനത്തിൽനിന്നും പുറത്തെടുക്കാനും ഉടൻതന്നെ ആശുപത്രിയിത്തെക്കാനായി .

ടാങ്കർ ലോറി

അപകടത്തിൽപ്പെട്ടു

പീരുമേട്: ഇന്ധനവുമായി വന്ന ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ വണ്ടിപ്പെരിയാർ അൻപത്തിഒൻപതാം മൈലിന് സമീപം ടാങ്കർ ലോറിയുടെ ലൈനർ കത്തി തീയും, പുകയും ഉയർന്നതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി എതിർ വശത്തെ തിട്ടിയിയിൽ ഓടിച്ചു കയറ്റി . ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻദുരന്തം ഒഴിവാക്കി.വണ്ടിപ്പെരിയാർ പൊലീസും പീരുമേട് ഫയർഫോഴ്സ് യൂണിറ്റും എത്തി തീ അണച്ചു. എറണാകുളത്തുനിന്നും പെട്രോളുമായി കുമളി ചെളിമടയിലേക്ക് വന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.