എസി. വിൽപ്പന കുത്തനെകൂടി
തേയില തോട്ടങ്ങൾ പ്രതിസന്ധിയിൽ
ഏലം: 12.17 കോടിരൂപയുടെ നാശനഷ്ടം.
തൊടുപുഴ: ജില്ലയിലെ കാർഷിക- ടൂറിസം മേഖലകളെ കൊടും വേനൽചൂട് സാരമായി തന്നെ ബാധിച്ചു. വേനലെത്ര കടുത്താലും എ.സിയോ ഫാനോ വേണ്ടാത്ത ചിലയിടങ്ങളെങ്കിലും ഉണ്ടായിരുന്നു നമ്മുടെ മലയോര മേഖലകളിൽ. അത്തരം ഇടങ്ങൾ തേടി സ്വദേശീയരും വിദേശീയരുമായ നിരവധി സഞ്ചാരികളുമെത്താറുണ്ട്. എന്നാൽ ഇപ്പോൾ ചൂടിന്റെ കാഠിന്യം മലയോര ജനതയെയും വിനോദ സഞ്ചാരികളെയും ഒരു പോലെ വലയ്ക്കുകയാണ്. ചൂട് കൂടിയതോടെ ഇടുക്കി ജില്ലയിൽ മാത്രം എ.സി, ഫാൻ കൂളർ എന്നിവയുടെ വിൽപ്പനയിൽ 50 ശതമാനം വർദ്ധനയുണ്ടെന്നാണ് കണക്ക്. വേനൽ മഴ പെയ്യുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന കർഷകരാകെ നിരാശരായി കഴിഞ്ഞു. വിളകളെല്ലാം കരിഞ്ഞുണങ്ങി. വെള്ളം പോലും കൃത്യമായി എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പലരും കൃഷിയിടം തന്നെ ഉപേക്ഷിച്ചു കഴിഞ്ഞു.
മൂന്നാറും ഒട്ടും കൂളല്ല
മുൻ കാലങ്ങളിലും ലോറേഞ്ചിലടക്കം ചൂട് വർദ്ധിക്കുമ്പോൾ ശരീരവും മനസും കുളിർപ്പിക്കാൻ ഒന്ന് മൂന്നാർ ചുറ്റിയടിച്ച് വരുന്നവരുടെ എണ്ണം കൂടുതലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. മുൻ വർഷങ്ങളെ അപേക്ഷിച്ച് നോക്കിയാൽ രണ്ട് മുതൽ മൂന്നു ഡിഗ്രി വരെ ചൂട് കൂടുതലാണ് മൂന്നാറിൽ. ഇത്തവണ ഏപ്രിൽ 15 മുതൽ 30 വരെ പകൽ 28 മുതൽ 30 ഡിഗ്രി വരെയായിരുന്നു ചൂട്. ഇക്കാലയളവിൽ രാത്രിയും പുലർച്ചെയും 11 ഡിഗ്രി സെൽഷ്യസ് വരെയായും താപനില താഴ്ന്നു. 1989- 2000 കാലത്ത് പകൽ ഏറ്റവും കൂടിയ താപനില 25.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16 മുതൽ 17.4 ഡിഗ്രി സെൽഷ്യസും ആയിരുന്നു. 2011- 20ൽ പകൽ ഏറ്റവും ഉയർന്ന താപനില 26.1 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 15.7 ഡിഗ്രി സെൽഷ്യസുമായിരുന്നു.
കരിഞ്ഞുണങ്ങി
കുരുമുളകും ഏലവും
വിളകളിൽ കുരുമുളക്, ഏലം, ജാതി, വാഴക്കുല എന്നിവയാണ് വേനൽചൂടിൽ കൂടുതൽ കരിഞ്ഞുണങ്ങിയത്. ഏലം മാത്രം 1738.94 ഹെക്ടർ നഷ്ടമായി. 6432 കർഷകരുടേതാണിത്. 12.17 കോടിരൂപയുടെ നാശനഷ്ടം. 2,13,496 കായ്ച്ച കുരുമുളക് ചെടികൾ നഷ്ടമായി. 250.50 ഹെക്ടറിൽ 3072 കർഷകരുടേതാണിത്. 16.01 കോടിയാണ് നഷ്ടം. 31.80 ഹെക്ടറിലെ 42,032 കായ്ക്കാത്ത കുരുമുളക് ചെടികളും നഷ്ടമായിട്ടുണ്ട്. 383 കർഷകർക്കായി നഷ്ടം 2.10 കോടിരൂപ. 56.75 ഹെക്ടറിലെ 1,03,112 കുലച്ച വാഴകൾ നശിച്ചു. 906 കർഷകർക്കായി 6.18 കോടിരൂപയാണ് നഷ്ടം. കുലയ്ക്കാത്ത വാഴകൾ 52,105 എണ്ണം നഷ്ടമായി. 29.44 ഹെക്ടറിൽ 490 കർഷകർക്കായി 2.08 കോടിരൂപയാണ് നഷ്ടം. കായ്ക്കുന്ന 7363 ജാതിമരം വേനലെടുത്തു. 31.73 ഹെക്ടറിൽ 657 കർഷകർക്കായി നഷ്ടം 2.57 കോടി രൂപ. കായ്ക്കാത്ത ജാതി 2145 എണ്ണവും നശിച്ചു. 28.09 ഹെക്ടറിലെ 36,195 കാപ്പി മരം നഷ്ടമായി. 336 കർഷകർ ബാധിക്കപ്പെട്ടു. 14.4 കോടിയാണ് നഷ്ടം. റബർ (ടാപ്പ് ചെയ്യുന്നതും അല്ലാത്തതും- 1088), കശുമാവ് (കായ്ച്ചതും അല്ലാത്തതും- 884), കവുങ്ങ് (കായ്ച്ചതും അല്ലാത്തതും- 2771), പൈനാപ്പിൾ (ഒരു ഹെക്ടർ) തുടങ്ങിയവയും ജില്ലയിൽ വേനൽച്ചൂടിൽ നഷ്ടമായി. കർഷകർക്ക് ലക്ഷങ്ങളുടെ കൃഷി നാശം സംഭവിക്കുമ്പോഴും ഇതിന്റെ നഷ്ടപരിഹാരം ലഭിക്കാൻ വരുന്ന കാലതാമസം ഇവരെ ദുരിതത്തിലാക്കുന്നുണ്ട്. പലപ്പോഴും വിള നാശത്തിനുള്ള അപേക്ഷ നൽകി വർഷങ്ങൾ കഴിയുമ്പോഴാണ് തുച്ഛമായ നഷ്ടപരിഹാരം ലഭിക്കുക.
നുള്ളാൻ
പച്ച കൊളുന്തില്ല
ചൂടിൽ പച്ചക്കൊളുന്തുകൾ കരിഞ്ഞുണങ്ങുന്നതിനെ തുടർന്ന് തേയില വ്യവസായവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. തോട്ടങ്ങളിൽ നുള്ളാൻ പച്ച കൊളുന്ത് ഇല്ലാത്ത സാഹചര്യമാണ്. മികച്ച വിളവ് ലഭിക്കേണ്ട ഏപ്രിൽ, മേയ് മാസങ്ങളിലെ വരുമാന നഷ്ടം വലിയ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന കാര്യം തീർച്ച. ഫാക്ടറികൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിൽ കൊളുന്ത് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ചുരുക്കം ചില എസ്റ്റേറ്റുകളിൽ മാത്രമേ പേരിന് പച്ച കൊളുന്ത് ലഭിക്കൂ. മഴ ലഭിക്കാത്ത സാഹചര്യം വന്നാൽ തോട്ടങ്ങളുടെ പ്രവർത്തനം ചുരുക്കുകയോ നിറുത്തി വയ്ക്കേണ്ട സാഹചര്യത്തിലേക്കോ എത്തും.