തൊടുപുഴ : പഴയ വാഹനങ്ങളുടെ കൈമാറ്റ നടപടികൾക്ക് ആർ. സി ബുക്ക് യഥാസമയം ലഭ്യമാക്കാത്തത് വിലങ്ങുതടിയായി. കഴിഞ്ഞ നവംബർ 26 മുതലാണ് പ്രതിസന്ധി ആരംഭിച്ചത്. പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറാവുന്നില്ല.
ആർ.സി ബുക്കിനായി 200 രൂപയും അതിനുപുറമേ തപാൽചാർജായ 45 രൂപയും മോട്ടോർവാഹനവകുപ്പിന് നൽകുന്നുണ്ട്. ആർ.സി ബുക്ക് ലഭിക്കാത്തതിനാൽ വില്പന നടത്തിയ വാഹനങ്ങളുടെ ഇൻഷ്വറൻസ് തുക യഥാർത്ഥ ഉടമയുടെ പേരിലേക്ക് മാറ്റാനും കഴിയുന്നില്ല. വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് തുക ക്ലെയിംചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്. ടാക്‌സികൾക്ക് അന്യസംസ്ഥാനങ്ങളിലേക്ക് പോകാനും അദർസ്‌റ്റേറ്റ് പെർമിറ്റ് കിട്ടാനും ആർ.സിബുക്ക് അത്യാവശ്യമാണ്. ഇത് കിട്ടുന്നതിലെ കാലതാമസം ടാക്‌സി ഉടമകൾക്കും വരുമാന നഷ്ടമുണ്ടാക്കുന്നു.
കുടിശിക എട്ട്കോടി
മുൻ കാലങ്ങളിൽ മോട്ടോർ വാഹനവകുപ്പാണ് ആർ.സി. ബുക്കും ലൈസൻസും പ്രിന്റ് ചെയ്ത് നൽകിയിരുന്നത്. ഇത് എറണാകുളം തേവരയിലെ സെൻട്രലൈസ്ഡ് ആർ.സി പ്രിന്റിംഗ് സ്റ്റേഷന് കൈമാറി. . ഇവർ അച്ചടിച്ച് തപാൽവകുപ്പുവഴി ഉടമയ്ക്ക് നൽകണം. പാലക്കാട് ഐ.ടി.ഐയാണ് പി.വി.സി കാർഡ് വിതരണം ചെയ്തിരുന്നത്. ഇവർക്ക് എട്ടുകോടിയോളംരൂപ നൽകാനുണ്ട്.ഇതോടെ പ്രിന്റിംഗ് മുടങ്ങുകയായിരുന്നു.
ഇന്ന് പ്രതിഷേധമാർച്ച്
വാഹന ഉടമകളെ ദുരിതത്തിലാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ കരിനിയമത്തിനെതിരെ ഇന്ന് രാവിലെ അടിമാലിയിലെ ദേവികുളം ജോയിന്റ് ആർ.ടി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് & ബ്രോക്കേഴ്സ് അസ്സോസിയേഷൻ ജില്ലാ ഭാരവാഹികൾ പറഞ്ഞു.കേരളത്തിലെ വാഹനങ്ങളുടെ ആർ.സി, ഡ്രൈവിങ്ങ് ലൈസൻസ് അച്ചടി നിലച്ചിട്ട് മാസങ്ങളായി .ഇത് വാഹന വിപണിയെയും, ആ മേഖലയിൽ പ്രവർത്തിക്കുന്നവരെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. 4 ലക്ഷംആർ.സി, ഡ്രൈവിങ്ങ് ലൈസൻസുകളാണ് സർക്കാരിന്റെ പിടിപ്പ് കേട് മൂലം അച്ചടിക്കാതെ കിടക്കുന്നത്. ഇതിന് ബന്ധപ്പെട്ടവർ ഉടനടി പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.തിങ്കളാഴ്ച രാവിലെ 10ന് അടിമാലി ടൗൺ ജുമ മസ്ജിദിന് മുന്നിൽ നിന്നും ബഹുജന റാലി ആരംഭിക്കും. തുടർന്ന് പ്രതിഷേധ മാർച്ച് ജില്ല പ്രസിഡന്റ് റഫീഖ് ഉടുമ്പന്നൂർ ഉദ്ഘാടനം ചെയ്യും.