ajithkumar
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ജില്ലാ വാർഷിക കൗൺസിൽ സമ്മേളനം തൊടുപുഴയിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.സി. അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ജില്ലയിലെ ആയുർവേദ മെഡിക്കൽ ടൂറിസ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഉടുമ്പഞ്ചോലയിൽ തുടങ്ങുന്ന ആയുർവേദ മെഡിക്കൽ കോളേജ് അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ കേന്ദ്രമാക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ പൊതുജനാരോഗ്യ പരിപാടികളിൽ ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുക, സ്‌കൂൾ ഹെൽത്തിലും സ്‌കൂൾ പാഠ്യപദ്ധതിയിലും ആയുർവേദത്തിന് പ്രാധാന്യം നൽകുക തുടങ്ങിയവയും യോഗം മുന്നോട്ടുവച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ തൊടുപുഴയിൽ നടന്ന ജില്ലാ വാർഷിക കൗൺസിൽ സമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിത്കുമാർ കെ.സി. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. റെൻസ് പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം സോൺ പ്രസിഡന്റ് ഡോ. സീനിയ അനുരാഗ് സംസ്ഥാന കമ്മിറ്റി റിപ്പോർട്ടും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. എം.എസ്. നൗഷാദ് സംഘടനാ പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡോ. അരുൺ രവി .എം ജില്ലാ കമ്മറ്റി റിപ്പോർട്ടും ഡോ. സൗമിനി സോമനാഥ് വനിതാ കമ്മറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. തൊടുപുഴ ഏരിയ പ്രസിഡന്റ് ഡോ. കെ.ആർ. സുരേഷ്, അടിമാലി ഏരിയാ പ്രസിഡന്റ് ഡോ. അന്നാ റാണി, ഡോ. പി.എ. ജോർജ്ജ്, ഡോ. ടോമി ജോർജ്ജ്, ഡോ. ശ്രീകുമാർ, ഡോ. അജിത് ചിറയ്ക്കൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ തൊടുപുഴ, അടിമാലി, കട്ടപ്പന, കുമളി ഏരിയകളിൽ നിന്നായി പ്രതിനിധികൾ പങ്കെടുത്തു. ഇതോടനുബന്ധിച്ച് 'ക്യാൻസർ ചികിത്സ നവീന കാഴ്ചപാടിൽ" എന്ന വിഷയത്തിൽ നടന്ന ശാസ്ത്ര പഠന ക്ലാസ്സിന് സീനിയർ ഫിസിഷ്യൻ ഡോ. സി.ഡി. സഹദേവൻ നേതൃത്വം നൽകി. സോഷ്യൽ മീഡിയയിലെ കലാപ്രവർത്തനത്തിലൂടെ മികവ് തെളിയിച്ച ഡോ. സതീഷ് വാര്യരെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ പുരസ്‌കാരം നൽകി ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഡോക്ടർമാരെയും സമ്മേളനത്തിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി ഡോ. റെൻസ് പി. വർഗീസ് (പ്രസിഡന്റ്)​, ഡോ. അരുൺ രവി എം (സെക്രട്ടറി)​, ഡോ. ജോർജ്ജ് പൗലോസ് (ട്രഷറർ)​​, ഡോ. സൗമിനി സോമനാഥ് (വനിതാ ചെയർപേഴ്സൺ)​, ഡോ. ശില്പ വിജയൻ (വനിതാ കൺവീനർ) ​എന്നിവരെ തിരഞ്ഞെടുത്തു.