തൊടുപുഴ : വനം വകുപ്പ് ജീവനക്കാർ ഒരുക്കിയ കെണിയിൽ കുടുങ്ങാതെ പുലിയുടെ വിഹാരം തുടരുന്നു. പുലിയുടെ സാന്നിദ്ധ്യം കൂടുതലുള്ള ഇല്ലിചാരി പൊട്ടൻപ്ലാവിന് സമീപം മുല്ലക്കരിയിൽ ഷാജിയുടെ ഫാമിൽ നിന്ന് ഒരു കോഴിയെയും കൊണ്ട് ഇന്നലെ രാത്രിയിൽ പുലി കടന്നു.
ഫാമിലെ ജോലിക്കാരനായ അന്യസംസ്ഥാന തൊഴിലാളി കോഴികളുടെ കരച്ചിൽ കേട്ട് എത്തിയപ്പോഴാണ് കൂട്ടിൽ പുലി നിൽക്കുന്നത് കണ്ടത്. ആളെ കണ്ടതും ഒരു കോഴിയെ കടിച്ചു പിടിച്ച് പുലി കടന്നു.
അയാൾ ഓടി മുറിയിൽ കയറി കതകടച്ച് ഫോൺ ചെയ്ത് ആളെക്കൂട്ടി. പരിസരം മുഴുവൻ തെരെഞ്ഞെങ്കിലും ഒന്നും കണ്ടില്ല..രണ്ടു ദിവസം മുമ്പ് കണ്ടത്തിപീടികയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടിന്റെ മുറ്റത്തും പുലി എത്തിയിരുന്നു. ചൂട് കാരണം തൊഴിലാളികൾ മുറ്റത്ത് കാട്ടിലിട്ടാണ് കിടന്നത്. തൊട്ടടുത്ത് പുലി എത്തിയപ്പോൾ അവർ മുറിയലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.
പഴയമറ്റം പാലത്തിന് സമീപം തുളുവനാനിക്കലെ പൈനാപ്പിൾ തോട്ടത്തിലും പുലിയെ കണ്ടവരുണ്ട്.
അജ്ഞാത ജീവി ഇല്ലിചാരി മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്നുതിന്നുന്നുവെന്ന വാർത്ത പ്രചരിച്ചത്തോടെ ഒരു മാസം മുമ്പാണ് തൊടുപുഴയിലെ പുലിയെപ്പറ്റി സൂചന ലഭിക്കുന്നത്.
പകലും രാത്രിയുമായി പലയിടങ്ങളിൽ പുലിയെ കണ്ടതോടെ പ്രദേശം ഭീതിയിലായി. കണ്ടത്തി പീടികയിലും തൊടുപുഴ നഗരസഭയിലുള്ള മഞ്ഞമാവിലും ഇതിനിടെ നാട്ടുകാർ പുലിയെ കണ്ടു.
ഈ മേഖലയാകെ വിഹരിക്കുന്ന പുലിയുടെ കൂടുതൽ സാന്നിദ്ധ്യവും സമീപപ്രദേശമായ പൊട്ടൻപ്ലാവിൽ ആണെന്ന് തെളിഞ്ഞു. ഇല്ലിചാരിയിൽ സ്ഥാപിച്ച കൂട് അതോടെ പൊട്ടൻപ്ലാവലേക്ക് മാറ്റി. എന്നാൽ കാത്തിരിപ്പിന് ഫലമുണ്ടായിട്ടില്ല.മഞ്ഞമാവിൽ പുത്തൻപുരക്കൽ സുദർശനന്റെ പറമ്പിലാണ് കാമറ വച്ചിട്ടുള്ളത്. ആ വീട്ടിലെ രണ്ടു നായക്കളെ പുലി കൊണ്ടുപോയിരുന്നു.അവിടെ അവശേഷിക്കുന്ന മൂന്നു നായ്ക്കളെ പിടിക്കാൻ ഇനിയും വന്നേക്കുമെന്നാന്നായിരുന്നു പ്രതീക്ഷ. എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും പുലിയുടെ സാന്നിദ്ധ്യം കാമറയിൽ പതിഞ്ഞിട്ടില്ല.മുട്ടം പഴയമറ്റം കണ്ടെത്തിപീടികയിൽ പുലിയെ കണ്ട സ്ഥലത്താണ് മറ്റൊരു കാമറ സ്ഥാപിച്ചത്.