ഇടുക്കി: ഉപ്പുതറ ഗ്രാമ പഞ്ചായത്തിലെ കണ്ണംപടി വനമേഖലയിലുള്ള മുല്ല ആദിവാസി ഊരുകളിൽ 19,65,000 രൂപ മുടക്കിയിട്ടും കുടിവെള്ള പദ്ധതി പൂർത്തിയാകാത്തത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംവിധാനം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വർഷങ്ങൾക്ക് മുമ്പേ ലഭിക്കേണ്ടിയിരുന്ന കുടിവെള്ള പദ്ധതിക്ക് ആവശ്യമായ വൈദ്യുതി കണക്ഷനും മറ്റും അടിയന്തരമായി സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ആഭ്യന്തര വിജിലൻസ് അന്വേഷണ റിപ്പോർട്ടും സ്വീകരിച്ച നടപടികളും കമ്മിഷനെ അറിയിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മിഷൻ നിർദ്ദേശം നൽകി. 2016 മുതൽ ഇതുവരെ 19,65,000 രൂപ ചെലവാക്കിയിട്ടുണ്ട്. ഇനി ഏഴു ലക്ഷം കൂടി ലഭ്യമായാൽ മാത്രമേ പദ്ധതി പ്രാവർത്തികമാക്കാൻ കഴിയൂവെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പദ്ധതിയിൽ വ്യാപകമായ ക്രമക്കേട് നടന്നതായി കമ്മിഷൻ അനുമാനിച്ചു. ആനയെ വാങ്ങി, പക്ഷേ ആനയ്ക്ക് ചങ്ങല വാങ്ങിയില്ല എന്ന മട്ടിൽ പദ്ധതി തയ്യാറായെങ്കിലും വൈദ്യുതി കണക്ഷൻ ലഭിച്ചില്ലെന്നാണ് അധികാരികൾ പറയുന്നത്. ഇത് അലസ മനോഭാവത്തിന്റെയും ഉത്തരവാദിത്തമില്ലായ്മയുടെയും ഉദാഹരണമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.
വെള്ലത്തിലായത് ലക്ഷങ്ങൾ
2016- 17 സാമ്പത്തിക വർഷമാണ് മുല്ല കുടിവെള്ള പദ്ധതി നടപ്പാക്കാൻ ആരംഭിച്ചത്. അന്ന് 4,65,000 രൂപ ചെലവഴിച്ചിട്ടുണ്ട്. നിലവിൽ കുളത്തിലെ വെള്ളം ഉപയോഗിക്കാത്തതുകൊണ്ട് കാടുമൂടി ഉപയോഗശൂന്യമായ അവസ്ഥയിലാണെന്ന് ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. 2018- 19 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത് 15 ലക്ഷം മുടക്കി ടാങ്കുകളും റിംഗുകളും സ്ഥാപിച്ച് മോട്ടോർ ഘടിപ്പിച്ചു. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത കാരണം വൈദ്യുതി കണക്ഷൻ എടുക്കാനായില്ല. 2023- 24 വാർഷിക പദ്ധതിയിൽ പുതിയ മോട്ടോർ വാങ്ങാനും വൈദ്യുതി കണക്ഷൻ എടുക്കാനുമായി 7,00,000 രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.