തൊടുപുഴ: കൃഷിഭൂമിയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഫാർമേഴ്‌സ് ക്ലബ് ആവശ്യപ്പെട്ടു. മുട്ടം, തുടങ്ങനാട്, പഴയമറ്റം, ഇല്ലിചാരി, കാക്കൊമ്പ്, മലങ്കര, ഒറ്റല്ലൂർ, തൊമ്മൻകുത്ത്, പറമ്പാട്ട്മല തുടങ്ങിയ നഗര പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം കാരണം കർഷകർ ദുരിതത്തിലാണ്. മുട്ടം,​ കാക്കൊമ്പ്‌ മേഖലകളിൽ കാട്ടുപന്നിയുടെയും മുള്ളൻ പന്നിയുടെയും ശല്യം കാരണം പലതോട്ടങ്ങളിലും കൃഷി ഉപേക്ഷിച്ച നിലയിലാണ്. റബർതോട്ടങ്ങളിൽ ടാപ്പ് ചെയ്യുവാൻ തൊഴിലാളികൾ തയ്യാറാകുന്നില്ല. കൂനിൻമേൽ കുരു എന്നപോലെ പുലികളും ഇറങ്ങി. കാട്ടുപന്നിയുടെയും മുള്ളൻപന്നിയുടെയും ശല്യം കാരണം കൃഷിസ്ഥലങ്ങളിൽ പോകാൻ ഭയപ്പെട്ടിരുന്ന കർഷകർ പുലിപ്പേടി മൂലം വീടുകളിൽ നിന്ന് പുറത്തിറങ്ങാനും ഭയപ്പെടുകയാണ്. കുട്ടികൾ അവധിക്കാല ക്ലാസുകളിൽ പോലും പോകാൻ മടിക്കുന്നു. തൊമ്മൻകുത്ത്, പറമ്പാട്ട്മല ഭാഗങ്ങളിൽ കാട്ടുപന്നികളെ കൂടാതെ കുരങ്ങന്മാരും ഇറങ്ങി തെങ്ങിലും കുരുമുളക് ചെടികളിലും കയറി തേങ്ങകളും കുരുമുളകും നശിപ്പിക്കുന്നു.
ദ്രുതകർമ്മസേനയോ മറ്റോ ഉപയോഗിച്ച്, ഈ മൃഗങ്ങളെ കൃഷിയിടങ്ങളിൽ നിന്ന് തുരത്തിയില്ലെങ്കിൽ കർഷകരുടെ കൂട്ടപലായനമോ, കൂട്ട ആത്മഹത്യകളോ നടക്കാൻ സാദ്ധ്യതയുണ്ട്. ഈ ഭാഗങ്ങളിലെ നിരവധി വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ കൊന്നു തിന്നു. കാട്ടുമൃഗങ്ങളുടെ പേടി മൂലം കൃഷി ഉപേഷിച്ചും കാട്ടു മൃഗങ്ങൾ കൃഷി നശിപ്പിച്ചും ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം ഈ പ്രദേശങ്ങളിൽ നിരവധിപേർക്ക് ഉണ്ടായിട്ടുണ്ട്. അതിനെല്ലാം തക്കതായ നഷ്ടപരിഹാരവും വനം വകുപ്പ് കർഷകർക്ക് ഉടൻ നൽകേണ്ടതാണ്. ഈ ഗ്രാമങ്ങൾ ദുരന്ത നിവാരണമേഖലകളായി പ്രഖ്യാപിച്ച് കർഷകരുടെ ജീവനും കൃഷിയിടങ്ങൾക്കും കാട്ടുമൃഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ ദുരന്തനിവാരണസേനയുടെ അടിയന്തരസേവനവും ഉടൻ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കൃഷിമന്ത്രി, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് നിവേദനം നൽകിയെന്ന് കർഷക ക്ലബ് ഭാരവാഹികൾ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ മൃഗങ്ങളെ തുരത്തുന്ന ആധുനിക സൗകര്യങ്ങളും ഉപയോഗിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഫാർമേഴ്‌സ് ക്ലബ് (ഫാംഫെഡ്) രക്ഷാധികാരി അഡ്വ. ജോൺ വിച്ചാട്ട്, ഫാം ഫെഡ് പ്രസിഡന്റ്‌ ടോം ചെറിയാൻ, സെക്രട്ടറി സോണി കിഴക്കേക്കര, മുട്ടം ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ്‌ തോംസൺ കിഴക്കേക്കര, കാക്കൊമ്പ് ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് മാത്തുക്കുട്ടി ചാമക്കാല, കരിങ്കുന്നം ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് ബാസ്റ്റിൻ കൂന്താനം, തൊടുപുഴ ഫാർമേഴ്‌സ് ക്ലബ് സെക്രട്ടറി രാജീവ് പാടത്തിൽ, ട്രഷറർ ഷൈജോ ചെറുനിലം, ജോസുകുട്ടി കള്ളികാട്ട്, ജോസ് വെള്ളിമൂഴയിൽ, തുടങ്ങനാട് ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ്‌ ഡോൺ ജോസ്‌കോ കടുകൻമാക്കൽ എന്നിവർ ആവശ്യപ്പെട്ടു.