പീരുമേട്: വേനൽ ചൂട് കഠിനമായതോടെ പീരുമേട് താലൂക്കിലെ വൻകിട തേയിലതോട്ടങ്ങളും ചെറുകിട തേയില കർഷകരും വൻ പ്രതിസന്ധിയിലായി. പീരുമേട് വണ്ടിപ്പെരിയാർ, ഏലപ്പാറ, ഉപ്പുതറ എന്നീ പഞ്ചായത്തിൽ ഭൂരിപക്ഷവും കർഷകരും തേയില കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. പതിനായിരത്തിലധികം ചെറുകിട തേയിലകർഷകരും നൂറിലധികം ചെറുകിട, വൻകിട, തേയില തോട്ടങ്ങളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ വർഷത്തെ കൊടുംചൂടിനെ തുടർന്ന് തേയില ഉത്പാദനം ഗണ്യമായി കുറഞ്ഞു. മുൻവർഷങ്ങളിൽ വേനൽ മഴ സുലഭവുമായി ലഭിച്ചിരുന്നു. ഈ വർഷം പീരുമേട് മേഖലയിൽ ഇതുവരെ രണ്ട് ചെറിയ വേനൽ മഴ മാത്രമാണ് ലഭിച്ചത്. മഴ ലഭിക്കാത്തതും ചൂട് കൂടിയതും കാരണം തേയിലയിൽ പുതു നാമ്പ് മുളപൊട്ടി ഇലയും തണ്ടും മുളയ്ക്കുന്നില്ല. പല തേയില കർഷകർക്കും ഒന്നരമാസമായി പച്ച കൊളുന്ത് എടുക്കാൻ കഴിയുന്നില്ല. തേയില ചെടികൾ കുറ്റിചെടികളായി നിൽക്കുകയാണ്. വൻതോട്ടങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. പ്രതിദിനം രണ്ട് ലക്ഷം കിലോ പച്ച കൊളുന്ത് കിട്ടിയിരുന്നത് പ്രതിദിനം 60,000 കിലോയായി കുറഞ്ഞു. ഉത്പാദനം കുറഞ്ഞത് തൊഴിലാളികളുടെ ജോലിയെയും ബാധിച്ചു. പലതോട്ടങ്ങളിലും ആറ് ജോലി ദിവസം നാല് ദിവസമായി കുറച്ചു. തൊഴിലാളികൾ തൊഴിൽദിനം കുറച്ചത് കുറഞ്ഞ വരുമാനമുള്ള തോട്ടം മേഖലയിലെ തൊഴിലാളികളുടെ നിത്യ ജീവിതത്തെ സാരമായി ബാധിച്ചു. ആവശ്യത്തിനു കൊളുന്ത് ലഭിക്കാത്തതു കൊണ്ട് തേയില പൊടി കൊച്ചിയിൽ ഓക്ഷന് എത്തിക്കാൻ മിക്ക കമ്പനികൾക്കും കഴിയുന്നില്ല. വൻ തോട്ടങ്ങളിൽ ഉൽപ്പാദന ചെലവ് കൂടി. തേയില ഫാക്ടറികൾ പലതും പ്രവർത്തിക്കുന്ന സമയം വെട്ടികുറച്ചു. ഒരു ദിവസം യന്ത്രം ഉപയോഗിച്ച് ഒരു തൊഴിലാളി 500 കിലോ പച്ച കൊളുന്ത് എടുത്തിരുന്നെങ്കിൽ ഇപ്പോൾ കൈ കൊണ്ട് 25 കിലോയിൽ കൂടുതൽ ഒരു തൊഴിലാളിക്ക് എടുക്കാനാകില്ല. കടുത്ത വേനൽ സൃഷ്ടിച്ച കെടുതി തേയില കർഷകരെയും തേയില വ്യവസായത്തിന്റെ തന്നെ ഭാവിയെയും ബാധിക്കുന്ന സ്ഥിതിയാണുള്ളത്.
കരിഞ്ഞുണങ്ങി ചെടികൾ
പല തോട്ടങ്ങളിലെയും തേയില ചെടികൾ കൊടും വേനലിൽ ഉണങ്ങി. വൻതോട്ടങ്ങളിൽ നൂറ് കണക്കിന് തേയിലച്ചെടികളാണ് ഉണങ്ങി നശിച്ചത്. പുതുതായി പ്ലാന്റ് ചെയ്ത ബഡ് തേയില ചെടികളാണ് ഉണങ്ങി നശിച്ചതിൽ അധികവും. അമ്പത് വർഷത്തിലധികം പഴക്കമുള്ള തേയിലച്ചെടികൾ ഉണങ്ങാതെ നിൽക്കുന്നുണ്ട്.
ഉത്പാദനത്തിനൊപ്പം വിലയും ഇടിഞ്ഞു
കൊളുന്ത് ഉത്പാദനവുമില്ല, കിട്ടുന്ന കൊളുന്തിന് വിലയും ലഭിക്കുന്നില്ലെന്നതാണ് സ്ഥിതി. കൃഷിക്കാർക്ക് കഴിഞ്ഞ സീസണിൽ ഒരു കിലോ പച്ച കൊളുത്തിന് 26 മുതൽ 28 രൂപ വരെ വില കിട്ടിയപ്പോൾ ഇപ്പോൾ കൂടിയ വില 21 രൂപയാണ്. സാധാരണ ചെറുകിട കർഷകന് ലഭിക്കുന്നതാകട്ടെ 17- 18 രൂപ വരെയാണ്.