കരിങ്കുന്നം: നാട്ടിലാകെ ഭീതി വിതയ്ക്കുകയും നിരവധി വളർത്തു മൃഗങ്ങളെയുൾപ്പെടെയുള്ള ജീവികളെ ഭക്ഷിക്കുകയും ചെയ്ത് ജനവാസ മേഖലയിൽ തുടരുന്ന പുലിയെ യുദ്ധകാലാടിസ്ഥാനത്തിൽ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് ഇല്ലിചാരി അമ്പലപ്പടിയിൽ ചേർന്ന ജനകീയ സമിതി രൂപീകരണയോഗം ആവശ്യപ്പെട്ടു. കൂടുതൽ ക്യാമറകൾ സ്ഥാപിക്കുക, പരിശീലനം സിദ്ധിച്ച കൂടുതൽ സ്റ്റാഫിനെ ഉറപ്പാക്കുക, പുതിയ കൂടുകൾ സ്ഥാപിക്കുക, പുലിയുടെ വാസസ്ഥലമെന്നു കരുതുന്ന സ്ഥലം പ്രത്യേകം നിരീക്ഷിക്കാനും മറ്റുള്ളവർ അനാവശ്യമായി കൂടിനു സമീപം വരുന്നത് ഒഴുവാക്കാനും കർശന നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ അധികാരികളുടെ മുന്നിൽ എത്തിക്കാൻ കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. പി.ജെ അബ്രഹാം പാറടിയിൽ അദ്ധ്യക്ഷനായി. പുലി സാന്നിധ്യം സ്ഥിരീകരിച്ച മഞ്ഞുമാവിൽ നിന്നെത്തിയ ജെയ്‌സൺ പി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ട ഭരണസംവിധാനം ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കണമെന്നും പുലിയെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനകീയ സമിതി ഭാരവാഹികളായി കെ.പി. ഹരിദാസ് (ചെയർമാൻ), ജെയ്‌സൺ പി. ജോസഫ്, പി.ജെ. എബ്രഹാം (വൈസ് ചെയർമാന്മാർ), ബിബി പൈമ്പിള്ളി, ജോസഫ് ആന്റണി, ഷിബു എം.കെ.എൻ. വിനോദ്കുമാർ (ജനറൽ കൺവീനർമാർ), കെ.എസ്. അനന്ദു, എൻ.കെ. മഞ്ജു (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.