തൊടുപുഴ: ഇടുക്കി പ്രസ്‌ക്ലബും വയലറ്റ് ഫ്രെയിംസും സംയുക്തമായി ഇടുക്കി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഷോർട്ഫിലിം ഫെസ്റ്റിവൽ, റീൽസ് കോംപറ്റീഷൻ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് മത്സരം. മികച്ച ഷോർട്ഫിലിമിന് 25,​000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് നൽകുക. രണ്ടാമത്തെ മികച്ച ഷോർട്ട്ഫിലിമിന് 10,​000 രൂപയും ഫലകവും പ്രശസ്തിപത്രവും മൂന്നാമത്തെ മികച്ച ഷോർട്ഫിലിമിന് 5000 രൂപയും ഫലകവും പ്രശസ്തിപത്രവും നൽകും. റീൽസ് കോംപറ്റീഷനിൽ യഥാക്രമം 3000, 2000, 1000 എന്നീ ക്രമത്തിലുള്ള തുകയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇതിനുപുറമെ മികച്ച സംവിധായകൻ, മികച്ച സ്‌ക്രിപ്റ്റ് റൈറ്റർ, മികച്ച നടൻ, മികച്ച നടി, മികച്ച ക്യാമറമാൻ, മികച്ച എഡിറ്റർ, മികച്ച പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ നൽകും. ഇതു കൂടാതെ തിരഞ്ഞടുക്കപ്പെടുന്ന ഒരു ചിത്രത്തിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും നൽകും. ഷോർട്ട്ഫിലിമിന് 1000 രൂപയും റീൽസിന് 500 രൂപയുമാണ് എൻട്രിഫീ. സാമുഹിക പ്രതിബദ്ധതയുള്ള ഏതെങ്കിലും വിഷയമാവണം റീൽസിനായി തിരഞ്ഞെടുക്കേണ്ടത്. 30 സെക്കന്റ് മുതൽ 90 സെക്കന്റ്‌ വരെ ദൈർഘ്യമാവാം. സിനിമ ടെലിവിഷൻ മേഖലയിലെ വിദഗ്ദ്ധർ അടങ്ങിയ ജൂറി പാനൽ എടുക്കുന്ന തീരുമാനം അന്തിമമാവും. ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിനായി സോജൻ സ്വരാജ് ചെയർമാനും ജെയ്‌സ്‌ വാട്ടപ്പിള്ളിൽ ജനറൽ കൺവീനറായും ലിന്റോ തോമസ് കൺവീനറായും ഉണ്ണി രാമപുരം കോർഡിനേറ്ററായും അഖിൽ സഹായി പബ്ളിസിറ്റി കൺവീനറുമായുമുള്ള കമ്മിറ്റി പ്രവർത്തിച്ചു വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി www.idukkifilmfestival.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ +91 8547501750, +917510897004 എന്ന നമ്പറിൽ ബന്ധപ്പെടുക. ഫെസ്റ്റിവൽ സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫെസ്റ്റിവലിലേക്കുള്ള എൻട്രികൾ ഈ മാസം 25ന് മുമ്പ് ലഭിക്കണം. എൻട്രികൾ പോസ്റ്റലായോ വീ ട്രാൻസ്‌ഫർ, സെൻഡ് ജിബി, ഗൂഗിൾ ഡ്രൈവ് തുടങ്ങിയവ വഴിയോ അപ്‌ലോഡ് ചെയ്യാം. വാർത്താ സമ്മേളനത്തിൽ പ്രസ്‌ക്ലബ്ബ് സെക്രട്ടറി ജെയ്‌സ്‌ വാട്ടപ്പിള്ളിൽ,​ ജോയിന്റ്‌ സെക്രട്ടറി പി.കെ.​ ലത്തീഫ്, ഫെസ്റ്റിവൽ കൺവീനർ ലിന്റോ തോമസ്, കോർഡിനേറ്റർ ഉണ്ണി രാമപുരം എന്നിവർ പങ്കെടുത്തു.