kpn

കട്ടപ്പന: കട്ടപ്പന നഗരസഭാപരിധിയിലെ വെട്ടിക്കുഴക്കവല, നത്തുകല്ല് എന്നിവിടങ്ങളിലെ നാല് കടകളിൽ മോഷണം. 9000 രൂപയോളം നഷ്ടപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നത്. കട്ടപ്പന വെട്ടിക്കുഴക്കവലയിലെ ബിസ്മി ചിക്കൻ സെന്ററിൽ നിന്ന് 3500 രൂപയും കടയിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മോഷണം പോയി. പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. വെട്ടിക്കുഴക്കവലയിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ലൈനിന്റെ ഫ്യൂസ് ഊരിമാറ്റിയ ശേഷമായിരുന്നു മോഷണം. പുലർച്ചെ 3.30നാണ് നത്തുകല്ലിലെ മൂന്ന് കടകളിൽ മോഷണം നടന്നത്. കുന്നപ്പള്ളിൽ സ്റ്റോഴ്‌സിൽ നിന്ന് അയ്യായിരം രൂപയും നിർമൽ ഓയിൽ മിൽസ്, പറക്കോട്ടിൽ സ്റ്റോഴ്‌സ് എന്നിവിടങ്ങളിൽ നിന്ന് 500 രൂപ വീതവും നഷ്ടമായി. വഴിവിളക്കുകൾ ഓഫ് ചെയ്തശേഷം പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. ഓയിൽ മിൽസിൽ മോഷണം നടത്തുന്നതും പുലർച്ചെ 1.30ന് വെള്ളയാംകുടി എസ്.എം.എൽ ജംഗ്ഷനിലെ ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരി മാറ്റുന്നതും ഈ സ്ഥലങ്ങളിലെ സി.സി ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി. നത്തുകല്ല് ജംഗ്ഷനിൽ നിരീക്ഷണ ക്യാറമകൾ സ്ഥാപിക്കണമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.