കട്ടപ്പന: കാർഷിക മേഖലയെ തകർത്തെറിഞ്ഞ കൊടും വേനലിലും പാട്ടത്തിനെടുത്ത സ്ഥലത്ത് നൂറുമേനി വിളവെടുക്കുകയാണ് കട്ടപ്പന കാഞ്ചിയാറിലെ 15 അംഗങ്ങളുള്ള ഗ്രീൻ ലീഫ് കാർഷിക കൂട്ടായ്മ. കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെയ്ത ഏത്തവാഴ കൃഷി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് അംഗവും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഉദ്ഘാടനം ചെയ്തു. കാഞ്ചിയാർ തൊപ്പിപ്പാളയിലാണ് 15 അംഗങ്ങളുള്ള ഗ്രീൻ ലീഫ് എന്ന യുവജന കാർഷിക കൂട്ടായ്മ കഴിഞ്ഞവർഷം കൃഷി ഇറക്കിയത്. പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്ത് ആയിരം ടിഷ്യു കൾച്ചർ വാഴ വിത്തുകളാണ് നട്ടത്. മികച്ച പരിചരണത്തിലൂടെ നൂറു മേനി വിളവാണ് ലഭ്യമായത്. കടുത്ത വേനൽ കാർഷിക മേഖലയെ എമ്പാടും തകർത്തു കളഞ്ഞപ്പോഴും കൂട്ടായ പരിചരണത്തിലൂടെയാണ് ഈ യുവകർഷകർ കൃഷിയെ പരിപാലിച്ചത്. കാർഷിക കൂട്ടായ്മയിൽ വിദ്യാർത്ഥികളടക്കം ഉൾപ്പെടുന്നുണ്ട്, അംഗങ്ങൾ ജോലിയോടൊപ്പം സമയം കണ്ടെത്തിയാണ് കൃഷിയിൽ ശ്രദ്ധ ചെലുത്തുന്നത്. ഇവരുടെ ഉദ്യമനത്തിന്റെ ഫലമായി വിഷമയമില്ലാത്ത ഗുണമേന്മയുള്ള ഏത്തക്കാ ഇനി വിപണികളിലെത്തും. ഏത്തവാഴ കൃഷിക്ക് പുറമേ പച്ചക്കറി കൃഷിയിലും ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വരുന്ന നാളുകളിൽ കൂടുതൽ കൃഷികൾ പരീക്ഷിക്കാനാണ് കൂട്ടായ്മയുടെ ലക്ഷ്യം. വിളവെടുപ്പ് ഉത്സവത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗം ജോമോൻ തെക്കേൽ, കൃഷി ഓഫീസർ ലിനെറ്റ് തോമസ്, കൃഷി അസിസ്റ്റന്റ് ഓഫീസർമാരായ മനോജ് മോൻ അഗസ്റ്റിൻ, ആദിത്യാ സുരേഷ് എന്നിവർ പങ്കെടുത്തു. ഗ്രീൻ ലീഫ് കാർഷിക കൂട്ടായ്മ പ്രസിഡന്റ് ജെയിംസ് ആയല്ലൂർ, സെക്രട്ടറി റിജോ ജോസഫ്, ട്രഷറർ ലവിൻ തോമസ് എന്നിവർ നേതൃത്വം നൽകി.