joseph
മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പി ജെ ജോസഫ് എം എൽ എ സംസാരിക്കുന്നു

മുട്ടം: തൊടുപുഴ നഗരസഭ, മുട്ടം, കരിങ്കുന്നം എന്നീ പഞ്ചായത്തുകളിലുമടക്കമുള്ള വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയ പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന ജനകീയ യോഗത്തിൽ ആളുകളുടെ പ്രതിഷേധമിരമ്പി. ഒരു മാസത്തിലേറെക്കാലമായിട്ടും പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്ന് ജനങ്ങൾ ഒന്നടങ്കം യോഗത്തിൽ പറഞ്ഞു. ഓരോ ദിവസം കഴിയന്തോറും കൂടുതൽ കൂടുതൽ സ്ഥലങ്ങളിൽ പുലി സാന്നിധ്യം സ്ഥിരീകരിക്കുകയാണ്. വീടുകളിൽ നിന്ന് നായ്ക്കൾ, ആട് എന്നിവയെ കടിച്ച് തൂക്കി കൊണ്ടുപോകുന്ന അവസ്ഥയുമാണെന്ന് ജനങ്ങൾ പറഞ്ഞു. അജ്ഞാത ജീവി കടിച്ച് കീറിയ അവസ്ഥയിൽ ആട് ഉൾപ്പടെയുള്ള മൃഗങ്ങളുടെ അവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ഓരോ ദിവസവും കണ്ടെത്തുന്നുമുണ്ട്. സന്ധ്യയായാൽ പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുകയാണ്. പുലർച്ചെ റബർ വെട്ടിന് പോകാൻ കഴിയാതെ തൊഴിലാളികൾ പണികൾ നിർത്തി വച്ചിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ പോയി തിരികെ എത്തുന്നവരും മറ്റ് തൊഴിൽ ചെയ്യുന്നവരും രാത്രി കാലങ്ങളിൽ ഏറെ ഭയത്തോടെയാണ് വീടുകളിലേക്ക് എത്തുന്നത്. പുലിയെ പിടികൂടാൻ വനംവകുപ്പ് അധികൃതർ ക്യാമറ, കൂട് എന്നിവ സജ്ജമാക്കിയിട്ടുണ്ടെങ്കിലും സാങ്കേതികമായി മറ്റ് നടപടികളും അടിയന്തരമായി ഏർപ്പെടുത്തണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. പുലി സാന്നിധ്യം സ്ഥിരീകരിച്ച വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ പുലിയുടെ ദൃശ്യം പതിഞ്ഞെങ്കിൽ മാത്രമേ നിയമപരമായി മറ്റ് കാര്യങ്ങൾ ചെയ്യാൻ കഴിയൂവെന്ന് വനം വകുപ്പ് റേഞ്ച് ഓഫീസർ സിജോ സാമുവൽ പറഞ്ഞു. മറ്റ് സ്ഥലങ്ങളിലായി കൂടുകൾ സ്ഥാപിക്കുന്നതിന് നടപടികൾ ഉടൻ സ്വീകരിക്കും. പുലിയെ കണ്ടെന്നുള്ള വ്യാജമായ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ആശങ്കപ്പെടുത്താതിരിക്കാനും ഏവരും സഹകരിക്കണമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു. വനംവകുപ്പിന് കൂടുതൽ വാഹന സൗകര്യം ഏർപ്പെടുത്തണമെന്നും പുലി ഭീഷണിയുള്ള പ്രദേശങ്ങളിൽ വനം വകുപ്പിന്റെ കൂടുതൽ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ (ആർ.ആർ.ടി) സേവനം നൽകണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, ജില്ലാ പഞ്ചായത്ത് മെമ്പർ സുനിത സി.വി, മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് കടത്തലകുന്നേൽ, തൊടുപുഴ ബ്ലോക്ക് മെമ്പർമാരായ എൻ.കെ. ബിജു, ഗ്ലോറി പൗലോസ്, മുട്ടം പഞ്ചായത്ത് സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.