പീരുമേട്: പീരുമേട്ടിലെ മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാമെന്ന് പീരുമേട് പഞ്ചായത്ത്. അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി തുക വകയിരുത്തി അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കി നൽകുമെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലെ അടിസ്ഥാന സൗകര്യമില്ലായ്മ ചൂണ്ടിക്കാണിച്ചു നവകേരള സദസിൽ പരാതി നൽകിയിരുന്നു. മുൻ പീരുമേട് എം.എൽ.എ ഇ.എസ്. ബിജിമോളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രൗണ്ട് നിർമ്മിച്ചിത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ല. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഒരു മണി വരെയാണ് ടെസ്റ്റ് നടക്കുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ വാഹനങ്ങളുടെ ടെസ്റ്റിങ്ങും നടക്കും. ടെസ്റ്റിനെത്തുന്നവർക്ക് പ്രാഥമികകൃത്യം നിർവ്വഹിക്കാൻ ഒരു സൗകര്യങ്ങളും ഇവിടില്ല. മഴയും വെയിലും കൊണ്ട് വേണം പരീക്ഷാർത്ഥികൾക്ക് ഇവിടെ ടെസ്റ്റ് നടത്താൻ. ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഒരു ചെറിയ ഷെഡ് മാത്രമാണിവിടുള്ളത്. ശുചിമുറിയും വിശ്രമ കേന്ദ്രവും ഇല്ല.